ഡെറാഡൂൺ: ഉത്തരകാശിയിൽ സിൽകാര്യ തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെന്ന് അന്താരാഷ്ട്ര ടണലിങ് വിദഗ്ധൻ അർനോൾഡ് ഡിക്സ്. തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവർത്തനത്തിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
60 പേരടങ്ങുന്ന വിദഗ്ധ സംഘം തനിക്കൊപ്പമുണ്ടെന്നും സംഘത്തെ സഹായിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്ത് വരികയാണെന്നും ഡിക്സ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ലോകത്തിലെ മറ്റാരെക്കാളും വ്യക്തമായി പർവതങ്ങളെ മനസിലാക്കിയിരിക്കുന്ന വിദഗ്ധ സംഘമാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിന് എത്തിയിരിക്കുന്നത്.തൊഴിലാളികളെ എത്രയും വേഗം സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇതുവരെയുള്ള രക്ഷാപ്രവർത്തനത്തിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷനൽ ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ തലവനാണ് പ്രഫ. ആർണോൾഡ് ഡിക്സ്.
അതേസമയം 10 ദിവസമായി തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. എൻഡോസ്കോപ്പി കാമറയിലൂടെയാണ് രക്ഷാപ്രവർത്തകർ തൊഴിലാളികളുടെ ദൃശ്യം പകർത്തിയത്.തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നൽകുന്നത്. ഇതുവഴി എൻഡോസ്കോപ്പി കാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. 41 തൊഴിലാളികളാണ് നവംബർ 12നുണ്ടായ അപകടത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്.
തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണം എത്തിക്കാനായാണ് ആറ് ഇഞ്ച് വ്യാസമുള്ള കുഴൽ കടത്തിയത്. മണ്ണിടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ 53 മീറ്റർ നീളത്തിലുള്ള കുഴലാണ് തൊഴിലാളികളുള്ള മറുവശത്തേക്കു കയറ്റിയത്. ഇത് നിർണായകമാണെന്നും ഇതിലൂടെ റൊട്ടിയും കറിയും ഉൾപ്പെടെയുള്ള ഭക്ഷണവും മൊബൈൽ ഫോണുകളും ചാർജറുകളും എത്തിക്കാനാകുമെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.