ഭിന്നശേഷി കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കാൻ കോടതികളും പൊലീസും സജ്ജമല്ല: ഡി. വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: ഭിന്നശേഷിയുള്ള കുട്ടികൾ നേരിടുന്ന സവിശേഷമായ വെല്ലുവിളികൾ മനസ്സിലാക്കാൻ രാജ്യത്തെ നിയമ സ്ഥാപനങ്ങൾ വേണ്ടത്ര സജ്ജരാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്. ചൈൽഡ് പ്രൊട്ടക്ഷൻ സംബന്ധിച്ച് ദേശീയ വാർഷിക സ്‌റ്റേക്ക്‌ഹോൾഡേഴ്‌സ് കൺസൾട്ടേഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ നീതിന്യായ സ്ഥാപനങ്ങളെയും ജഡ്ജിമാരെയും പൊലീസ് ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും തയാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾ നീതിന്യായ വ്യവസ്ഥയിൽ കൈകാര്യം ചെയ്യാൻ സജ്ജരാണോ? അത്തരം വ്യക്തികൾ നേരിടുന്ന സവിശേഷമായ വെല്ലുവിളികൾ മനസ്സിലാക്കാൻ നീതിന്യായ സ്ഥാപനത്തെയോ ജഡ്ജിമാരെയോ പൊലീസ് ഉദ്യോഗസ്ഥരെയോ സജ്ജമാക്കിയിട്ടുണ്ടോ? സങ്കടകരമെന്നു പറയട്ടെ, ഇല്ല എന്നതാണ് ഉത്തരം" -ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതിനാൽ നീതിന്യായ വ്യവസ്ഥയിലെ പ്രൊഫഷണലുകൾക്ക് ഈ കുട്ടികളുടെ സൂക്ഷ്മമായ പരാധീനതകൾ മനസ്സിലാക്കാൻ നിരന്തരമായ പരിശീലനവും ബോധവൽക്കരണവും ആവശ്യമാണ്. അത്തരം കേസുകൾ അനുകമ്പയോടെ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി അവകാശ നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം തുടങ്ങിയ നിയമങ്ങൾ ഭിന്നശേഷിയുള്ള കുട്ടികളെ മാന്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ചുവടുകളാണെങ്കിലും ശിക്ഷാപരമായ സമീപനം ഈ നിയമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞു. നെമാലിൻ മയോപ്പതി എന്നറിയപ്പെടുന്ന ജനിതക അവസ്ഥയിൽ ജനിച്ച രണ്ട് പെൺമക്കൾക്ക് പിതാവ് എന്ന നിലയിലുള്ള തന്‍റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

Tags:    
News Summary - Courts, police not equipped to understand challenges faced by children with disabilities: CJI DY Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.