ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള യാത്രക്ക് വിസ വിലക്ക് ഏർപ്പെടുത്തിയതിനുപിന്നാലെ, ഇ റാനിൽ നിന്നും ഇറ്റലിയിൽനിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ത്വരിത നടപടിയെന്ന് കേന്ദ്രസർക്കാർ. സാമ്പിൾ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുന്നവരെ ആദ് യം ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.
ഇറാനിൽ കുടുങ്ങിയ ഉംറ തീർഥാടകരെയും വിദ്യാർഥി കളെയും വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാർ ലമെൻറിനെ അറിയിച്ചു. ഇറാനിൽനിന്ന് ലഭിച്ച 108 സാമ്പിൾ പരിശോധിച്ചു. ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിലിലെ ആറ് ശാസ്ത്രജ്ഞർ ഇറാനിലുണ്ട്. അവിടെ കുടുങ്ങിയ 400 ഇന്ത്യക്കാരുടെ സാമ്പിൾ ശേഖരിച്ചു. പരിശോധനക്ക് ഇറാനിലേക്ക് ലബോറട്ടറി സജ്ജീകരണ സംവിധാനം എത്തിച്ചിട്ടുണ്ട്.
ഇറാനിൽ കുടുങ്ങിയ 6000ത്തോളം ഇന്ത്യക്കാരിൽ 1100 പേർ മഹാരാഷ്ട്രയിൽനിന്നും ജമ്മു-കശ്മീരിൽ നിന്നുമുള്ളവരാണ്. 300 വിദ്യാർഥികളുണ്ട്. 58 പേരെ തിരിച്ചെത്തിച്ചു. സാമ്പിൾ പരിശോധന പൂർത്തിയാവുന്നതിനൊപ്പം ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുകയാണ്. കുടുങ്ങിയവരിൽ 1000ത്തോളംപേർ മത്സ്യത്തൊഴിലാളികളാണ്. വൈറസ്ബാധിത മേഖലകൾക്ക് പുറത്താണിവർ.
ഇറ്റലിയിലേക്ക് ഡോക്ടർമാരുടെ സംഘം വ്യാഴാഴ്ച തിരിച്ചു. അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. വൈറസ് ബാധയില്ലാത്തവരെ ആദ്യം നാട്ടിലെത്തിക്കും. ഇറ്റലിയിലെ സ്ഥിതി അങ്ങേയറ്റം ഉത്ക്കണ്ഠ ഉളവാക്കുന്നതാണെന്ന് ജയ്ശങ്കർ പറഞ്ഞു. കോവിഡ്-19 ബാധിത രാജ്യങ്ങളിൽ നിന്ന് 948 പേരെയാണ് ഇതുവരെ ഇന്ത്യ ഒഴിപ്പിച്ചത്. ഇതിൽ 48 പേർ മറ്റു രാജ്യക്കാരാണ്.
ഡൽഹി സർക്കാർ വിദ്യാലയങ്ങളും സിനിമശാലകളും 31വരെ അടച്ചു. രാഷ്ട്രപതി ഭവൻ പൊതുജന സന്ദർശന അനുമതി റദ്ദാക്കി. കൊച്ചിയിൽ വിദേശയാത്രക്കാരെ പരിശോധിച്ച് പുറത്തിറക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി ഹർഷ്വർധൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.