ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വിറപ്പിക്കുന്ന സാഹചര്യത്തിൽ എല്ലാ പ്രായത്തിലുള്ളവരും ജാഗ്രതയിലാണ്. ആദ്യ വരവിൽ കോവിഡ് പ്രായമായവരെയാണ് ഏറ്റവും കൂടുതലായി ബാധിച്ചിരുന്നതെങ്കിൽ രണ്ടാം വരവിൽ അത് ഏത് പ്രായക്കാരെയും രോഗിയാക്കുന്ന കാഴ്ചയാണ്. മുൻഗാമിയെ അപേക്ഷിച്ച് വകഭേദം സംഭവിച്ച കോറോണ വൈറസ് കാരണം രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുകയാണ്.
രണ്ടാം തരംഗത്തിൽ 25 മുതൽ 45 വയസിനിടയിൽ പ്രായമുള്ളവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും കുട്ടികളിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചിട്ടുണ്ടെന്നും പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡേ. മഹേഷ് ഹിരണന്ദനി പറഞ്ഞു.
'ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മൊത്തം കോവിഡ് കേസുകളിൽ 8.5 ശതമാനവും 10 വയസിന് താഴെയുള്ള കുട്ടികളാണ്. 300 കോടിയാളുകളെ രോഗം ബാധിക്കുമെന്നാണ് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്. ആദ്യ തരംഗത്തിൽ ചുമ, തൊണ്ടവേദന, പനി തുടങ്ങിയ ലക്ഷണങ്ങളുമായായിരുന്നു കുട്ടികൾ വന്നത്. എന്നാൽ രണ്ടാം തരംഗത്തിൽ വയറിളക്കം, ചർദ്ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കുന്നത്. കുട്ടികൾ രോഗം വീട്ടിലെ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ സാധ്യതയുണ്ട്. അതിനാൽ അവർ എല്ലാ കോവിഡ് ചട്ടങ്ങളും കണിശമായി പാലിക്കേണ്ടതുണ്ട്. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വിസമ്മതിക്കുന്നതിനാലും റാലികളും മതപരമായ ചടങ്ങുകളും നടത്തുന്നതിനാലുമാണ് രോഗബാധ ഇത്ര കണ്ട് ഉയരുന്നത്. രോഗബാധിതരിൽ തന്നെ വീണ്ടും രോഗം ബാധിക്കാൻ ഇത് ഇടയാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സൂപ്പർ സ്പ്രെഡർ ആകില്ലെന്നും നാം ഉറപ്പാക്കണം'- അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധയുടെ രൂക്ഷത പരിശോധിക്കുേമ്പാൾ കുട്ടികൾക്കിടയിൽ മരണനിരക്ക് കുറവാണെന്ന് പി.ജി.ഐയിലെ പീഡിയാട്രിക് വിഭാഗം തലവനായ പ്രഫ. സുർജിത് സിങ് ചൂണ്ടിക്കാണിക്കുന്നു. 10 ദിവസത്തിനിടെ 12 വയസു വരെ പ്രായമുള്ള 8 മുതൽ12 വരെ കുട്ടികളെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് കണക്കുകൾ. ഈ കുട്ടികളുടെ കൂടെ മാനസിക പിന്തുണ നൽകാനായി രക്ഷിതാക്കളെ പ്രവേശിപ്പിക്കുന്നുണ്ട്.
ഉയർന്ന ഓക്സിജനും വെൻറിലേഷനും ആവശ്യമുള്ള കുട്ടികൾക്ക് സ്റ്റിറോയ്ഡുകൾ, റെംഡെസിവിർ, ടോസിലിസുമാബ്, ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവ ഡോസ് അഡ്ജസ്റ്റ്മെൻറുകൾ അനുസരിച്ച് നൽകുന്നു. കുട്ടികളിൽ രോഗമുക്തിനിരക്ക് മികച്ചതാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2.73 ലക്ഷം കടന്ന് കുതിക്കുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.5 കോടിയായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.