ന്യൂഡൽഹി: ഇന്ത്യ വീണ്ടും കോവിഡ് പെരുപ്പത്തിെൻറ ഉത്കണ്ഠയിൽ. കോവിഡ് ബാധിതരുടെ എണ്ണം ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഏറ്റവും കൂടുതൽ വൈറസ് ബാധയുള്ള മഹാരാഷ്ട്രയിൽ വേണ്ടിവന്നാൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പോടെ കൂടുതൽ നിയന്ത്രണങ്ങൾ. ഇതിനൊപ്പം പഞ്ചാബിലും യു.പിയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ദേശീയതലത്തിൽ ഒറ്റ ദിവസം കൊണ്ട് 39,726 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 154 പേർകൂടി മരിച്ചതോടെ മരണം 1.59 ലക്ഷം കടന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.15 കോടി കവിഞ്ഞു. കോവിഡ് ബാധിതരിൽ 81 ശതമാനത്തോളം മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തിസ്ഗഢ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 25,000നു മുകളിലായി. പഞ്ചാബിൽ 2,369 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളവും കോവിഡ് പേടിയിലാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരിൽ 76.48 ശതമാനവും. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആർ.ടി.പി.സി.ആർ പരിശോധന കൂട്ടാൻ നിർദേശം നൽകി. ഓരോ രോഗിയുമായും സമ്പർക്കത്തിൽവന്ന 20 പേരെയെങ്കിലും ആദ്യ 72 മണിക്കൂറിനുള്ളിൽ കണ്ടെത്തി ഐസൊലേറ്റ് ചെയ്യണം.
കോവിഡ് നിരീക്ഷണവും പ്രതിരോധ നടപടികളും കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ കോവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് ഇതുവരെ നാലുകോടിയോളം പേരാണ് വാക്സിനെടുത്തതെന്ന് ആരോഗ്യ മന്ത്രാലയവും വിശദീകരിച്ചു.
വരും ദിവസങ്ങളിൽ വാക്സിനേഷൻ നടപടി വിപുലപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.