ന്യൂഡൽഹി: ഒറ്റ ദിവസം കോവിഡ് കേസുകളുടെ എണ്ണം ലക്ഷം പിന്നിട്ടതിനു പിന്നാലെ ഏകദേശം സമാന സംഖ്യയിൽ പിറ്റേന്നും തുടർന്നതോടെ കടുത്ത സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്രം. വൈറസ് ബാധ ഏറ്റവും ശക്തമായി തുടരുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ 50 ഓളം ഉന്നതതല സംഘങ്ങളെ കേന്ദ്രം വിന്യസിച്ചു. മഹാരാഷ്ട്രയിൽ 30ഉം ഛത്തീസ്ഗഢിൽ 11ഉം പഞ്ചാബിൽ ഒമ്പതും ജില്ലകളിലേക്കാണ് ഇവരെ അയച്ചത്. രാജ്യത്തെ മൊത്തം രോഗബാധയുെട പകുതിയിലേറെയും മഹാരാഷ്ട്രയിലാണ്.
നടപടികളുടെ ഭാഗമായി ഡൽഹിയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി ഏപ്രിൽ 10 മുതൽ 14 വരെ അടച്ചിടും. ലോക്ഡൗൺ നിലവിലുള്ള മുംബൈയിൽ ബീച്ചുകൾ, ഉദ്യാനങ്ങൾ എന്നിവ രാത്രി എട്ടു മുതൽ രാവിലെ ഏഴുവരെ അടച്ചിടും. ഇനി ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ ശേഷം മാത്രമേ അതിർത്തി കടക്കാവൂ എന്ന് വിവിധ സംസ്ഥാനങ്ങളും തീരുമാനിച്ചു.
നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 45 വയസ്സ് കഴിഞ്ഞ എല്ലാ കേന്ദ്ര ജീവനക്കാരും കോവിഡ് വാക്സിൻ നിർബന്ധമായി സ്വീകരിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43 ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ഇതോടെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം എട്ടുകോടി കവിഞ്ഞു. വൈറസ് ബാധ പരിശോധന പൂർത്തിയാക്കിയത് 25 കോടി പേരിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.