മുംബൈ: മഹാരാഷ്ട്രയിൽ വ്യാജ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സ്രവ സാമ്പിളുകൾ മാറ്റിവെച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. ബുൽധാന ജില്ലയിലെ ഖാംഗാവിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിലെ കരാർ ജീവനക്കാരനായ വിജയ് രാഖോണ്ഡെയാണ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്ക് മെഡിക്കൽ അവധി അപേക്ഷിക്കുന്നതിനും ഇൻഷുറൻസ് ആനുകൂല്യങ്ങൾ തട്ടുന്നതിനും അവരുടെ സ്രവ സാമ്പിളുകൾ കോവിഡ് പോസിറ്റീവായ ആളുകളുടെ സാമ്പിളുകളുമായി മാറ്റിവെക്കുകയായിരുന്നു. മെഡിക്കൽ ഒാഫിസർ ഡോ. നീലേഷ് താപ്രെയുടെ പരാതിയിലാണ് അറസ്റ്റ്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്ക് വിജയ്യെ പരിചയമുണ്ടായിരുന്നു. കൂടാതെ ഇയാൾ സ്രവ സാമ്പിളുകൾ മാറ്റിവെച്ച് വ്യാജ കോവിഡ് റിപ്പോർട്ട് സംഘടിപ്പിക്കാൻ സഹായിക്കുമെന്നും അറിവുണ്ടായിരുന്നു. ഇതോടെ ജീവനക്കാർ വിജയ്യെ സമീപിക്കുകയായിരുന്നു.
'വിജയ് കോവിഡ് പോസിറ്റീവായവരുടെ സ്രവ സാമ്പിൾ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ സാമ്പിളുകളുമായി മാറ്റിവെച്ചു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ അവർക്ക് മെഡിക്കൽ അവധിക്ക് അപേക്ഷിക്കാനും ഇൻഷുറൻസ് തുക കൈപ്പറ്റാനും സാധിക്കും' -പൊലീസ് പറഞ്ഞു.
സ്രവ സാമ്പിളുകൾ മാറ്റിവെക്കുന്നതിന് ഇയാൾക്ക് സ്വകാര്യ കമ്പനി ജീവനക്കാർ പ്രതിഫലമായി പണവും നൽകിയിരുന്നു. ഇതോടെ ഇയാൾ ലാബിൽ പ്രവേശിച്ച് സ്രവ സാമ്പിളുകൾ മാറ്റിവെക്കുകയായിരുന്നു.
മെഡിക്കൽ ഒാഫിസറുടെ പരാതിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ചന്ദ്രകാന്ത് ഉമാപിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.