മുംബൈ: ഭീമ-കൊറേഗാവ് കേസിൽ ജയിലിൽ കഴിയവെ കോവിഡ് ബാധിച്ച തെലുഗു കവി വരവര റാവുവിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് േദശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ബോംബെ ഹൈകോടതിയിൽ. കേസിൽ ജാമ്യത്തിന് മറ്റ് വഴികളില്ലാത്തതിനാൽ കോവിഡ് വ്യാപനത്തെ വരവര റാവു മറയാക്കുകയാണ്.
കോവിഡ്, വാർധക്യം എന്നിവ മുതലെടുത്ത് ജാമ്യം നേടാനാണ് ശ്രമം. കോവിഡ് രോഗ ലക്ഷണമോ മറ്റ് ഗുരുതര പ്രശ്നങ്ങളോ അദ്ദേഹത്തിന് ഇല്ലെന്നാണ് എൻ.െഎ.എയുടെ വാദം. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ അടിയന്തരമായി തീർപ്പാക്കണമെന്നാവശ്യപ്പെട്ട് റാവു നൽകിയ ഹരജിയെ എതിർത്ത് നൽകിയ സത്യവാങ്മൂലത്തിലാണ് എൻ.െഎ.എയുടെ ആരോപണം.
വൈദ്യ പരിശോധന രേഖകൾ ഹാജരാക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകണമെന്നും റാവു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജയിൽ അധികൃതർ കൃത്യസമയത്ത് റാവുവിന് വൈദ്യ സഹായം നൽകിയതായും മേയ് 28 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.
ജെ.ജെ മെഡിക്കൽ കോളജ് സൂപ്രണ്ട് നൽകിയ വൈദ്യ റിപ്പോർട്ടിൽ അടിയന്തരമായി വിദഗ്ധ ചികിത്സ നൽകേണ്ട ഗുരുതര രോഗങ്ങളുള്ളതായി പറയുന്നില്ലെന്നും എൻ.െഎ.എ അവകാശപ്പെട്ടു.
ജാമ്യ ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും. നാഡീരോഗത്തിന് ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതനായ റാവുവിനെ ദൂരെ നിന്ന് പരിചരിക്കാൻ അനുമതി തേടിയുള്ള ബന്ധുക്കളുടെ ഹരജിയും ഇതിനൊപ്പം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.