ഐ.വി.ആർ.ഐയെ തള്ളി ആർ.എസ്.എസ് പോഷക സംഘടന; ഗോമൂത്രം ഉടൻ കുടിക്കുന്നത് ഹാനികരമല്ലെന്ന്

നാഗ്പൂർ: ഗോമൂത്രം കുടിക്കുന്നത് മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമാണെന്ന ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) റിപ്പോർട്ട് തള്ളി ആർ.എസ്.എസ് പോഷക സംഘടനയായ ഗോ വിഗ്യാൻ അനുസാധൻ കേന്ദ്ര(ജി.വി.എ.കെ). ഗോമൂത്രം ഉടൻ കുടിക്കുന്നത് മനുഷ്യന് ഹാനികരമല്ലെന്നും ജി.വി.എ.കെ അവകാശപ്പെട്ടു.

ഏറ്റവും പുതിയ ഗോമൂത്രത്തിൽ പോലും അങ്ങേയറ്റം അപകടകാരികളായ 14 തരം ബാക്ടീരിയകൾ അടങ്ങിട്ടുണ്ട് എന്നും അത് കുടിക്കുന്നത് ഹാനികരാണെന്നും കഴിഞ്ഞ ആഴ്ച ഐ.വി.ആർ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ജി.വി.എ.കെ രംഗത്തെത്തിയിരിക്കുന്നത്.

ഗോ മൂത്രം സുരക്ഷിതമാണെന്നും എന്നാൽ അത് പശു ഒഴിവാക്കിയ ഉടൻ കുടിക്കണമെന്നും ജി.വി.എ.കെ വ്യക്തമാക്കി. പശു തദ്ദേശീയ ഇനത്തിൽപെട്ടതും പൂർണ ആരോഗ്യമുള്ളതുമായിരിക്കണമെന്നും ജി.വി.എ.കെ മേധാവിയും കേന്ദ്ര സർക്കാറിന്‍റെ പഞ്ചാഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ സുനിൽ മൻസിൻഗ കൂട്ടിച്ചേർത്തു.

കാലങ്ങളായി ഗോ മൂത്രം ഔഷധമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുന്നതാണ് ഐ.വി.ആർ.ഐ റിപ്പോർട്ട് എന്നും വിഷ‍യം ആയുശ് മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മൻസിൻഗ അറിയിച്ചു. ഇപ്പോൾ അലോപ്പതി ഡോക്ടർമാർ പോലും ഗോ മൂത്രം മരുന്നായി നിർദേശിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നാഷനൽ എൻവയോൺമന്റെൽ എൻജീനീയറിങ് ആന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ. കെ കൃഷ്ണ മൂർത്തിയും ജി.വി.എ.കെക്ക് പിന്തുണയുമായി വാർത്താ സമ്മേളനത്തിൽ എത്തിയിരുന്നു. ഗോ മൂത്രം കാൻസർ വരെ തടയുമെന്നായിരുന്നു ഇരുവരുടെയും അവകാശവാദം. കൂടുതൽ സമയം കഴിഞ്ഞാൽ ബാക്ടീരിയ വളരാൻ സാധ്യതയുണ്ടെന്നും അതിനാൽ മൂത്രം പശുവിൽ നിന്നു പുറത്തു വന്ന ഉടൻ കുടിക്കലാണ് നല്ലതെന്നും മൻസിൻഗ പറഞ്ഞു.

ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യർ കുടിക്കരുതെന്ന മുന്നറിയിപ്പും ഐ.വി.ആർ. ഐ ഗ​വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ സാംക്രമിക രോഗ ചികിൽസാ ശാസ്ത്ര വകുപ്പ് തലവൻ ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് ഗവേഷക വിദ്യാർഥികൾ നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ടായിരുന്നു ‘റിസർച്ച് ഗേറ്റ്’ പ്രസിദ്ധീകരിച്ചത്.

2022 ജൂണിനും നവമ്പറിനുമിടയിൽ നല്ല ആരോഗ്യമുള്ള പശുക്കളുടെയും പോത്തുകളുടെയും 73 മൂത്ര സാമ്പിളുകൾ ശേഖരിച്ചായിരുന്നു ഗവേഷണം. ഗോമൂത്രം കുടിച്ചാൽ പനിക്കും വയറിളക്കത്തിനും കാരണമാകുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാകുമെന്നും ഒരു കാരണവശാലും കന്നുകാലികളുടെ മൂത്രം മനുഷ്യൻ കുടിക്കരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Cow urine safe for humans if consumed right after discharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.