ന്യൂഡൽഹി: വിദേശയാത്ര നടത്തുന്നവർക്കായി കോവിൻ പോർട്ടൽ പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വിദേശയാത്ര നടത്തുന്ന രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ജനനത്തീയതി ഉൾപ്പെടുത്തി പുതിയ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധെപ്പട്ട് ഇന്ത്യയും യു.കെയും തമ്മിലുണ്ടായ തർക്കങ്ങളുടെ ഭാഗമായാണ് തീരുമാനം.
നിലവിൽ ജനിച്ച വർഷത്തിന്‍റെ അടിസ്ഥാനത്തിലാണ് വാക്സിൻ സ്വീകരിച്ചവരുടെ പ്രായം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത്. അടുത്തയാഴ്ച മുതൽ ജനനത്തീയതി ഉൾപ്പെടുത്താനുള്ള സൗകര്യം കോവിഡ് പോർട്ടലിൽ ലഭ്യമാകും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റം.
'കോവിനിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച, വിദേശത്തുപോകാൻ ആഗ്രഹിക്കുന്നവർക്കായി ജനനത്തീയതി ഉൾപ്പെടുത്തി പുതിയ വാക്സിൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി പരിഷ്കാരങ്ങൾ വരുത്താൻ തീരുമാനിച്ചു' -ഒൗദ്യോഗിക വൃത്തങ്ങൾ പറയുന്നു.
ബുധനാഴ്ച യു.കെ വിദേശികൾക്കുള്ള പുതിയ യാത്ര മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിൽ ആസ്ട്രസെനകയുടെ കോവിഷീൽഡ് കോവിഡ് വാക്സിൻ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തേ കോവിഷീൽഡ് വാക്സിൻ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ യു.കെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
കൂടാതെ ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർ 10 ദിവസം നിർബന്ധിത ക്വാറൻറീനിൽ പോകണമെന്ന് യു.കെ നിർദേശിച്ചിരുന്നു. പ്രത്യേക പരിശോധനകളും ഉൾപ്പെടുത്തിയിരുന്നു. ഇതിനുപുറമെ വാക്സിൻ സർട്ടിഫിക്കറ്റിൽ ജനനതീയതി രേഖപ്പെടുത്തണമെന്നുമായിരുന്നു യു.കെയുടെ നിലപാട്. ഇന്ത്യ വയസ് മാത്രമാണ് നൽകുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.