മധുരയിൽ സി.പി.എം പാർട്ടി കോൺഗ്രസ് നഗരിയിൽ അമ്മൂമ്മ ലക്ഷ്മി കൃഷ്ണനൊപ്പമെത്തിയ കാസർകോട് കുറ്റിക്കോൽ സ്വദേശി ഇവാന, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പൂക്കൾ നൽകിയപ്പോൾ പി.ബി.ബിജു
മധുര: അഞ്ചുദിവസമായി മധുരയിൽ നടക്കുന്ന സി.പി.എം 24ാം പാർട്ടി കോൺഗ്രസ് ഞായറാഴ്ച റെഡ് വളന്റിയർ മാർച്ചിന്റെ അകമ്പടിയുള്ള പൊതുസമ്മേളനത്തോടെ സമാപിക്കും. വൈകീട്ട് മൂന്നിന് റിങ് റോഡ് ജങ്ഷനുസമീപം എൻ. ശങ്കരയ്യ സ്മാരക ഗ്രൗണ്ടിലാണ് പൊതുസമ്മേളനം. ഏപ്രിൽ രണ്ടിന് പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സമ്മേളനം രാഷ്ടീയ പ്രമേയവും ഭേദഗതികളും ഇതിനകം അംഗീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് പി.ബി അംഗം ബി.വി. രാഘവലു അവതരിപ്പിച്ച കരട് സംഘടന റിപ്പോർട്ടിൽ ശനിയാഴ്ച രാത്രിയോടെ ചർച്ച പൂർത്തിയായി. കേരളത്തിൽനിന്ന് പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, ഡോ. ആർ. ബിന്ദു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ചർച്ചക്ക് ബി.വി. രാഘവലുവും പി.ബി കോ ഓഡിനേറ്റർ പ്രകാശ് കാരാട്ടും ഞായറാഴ്ച രാവിലെ മറുപടി നൽകും. സംഘടന റിപ്പോർട്ട് അംഗീകരിച്ച ശേഷം പാർട്ടി കോൺഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും പി.ബി അംഗങ്ങളെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
നിലവിലെ പി.ബിയുടെ അവസാന യോഗം ശനിയാഴ്ച വൈകീട്ട് ചേർന്ന് 75 വയസ്സ് പ്രായപരിധിയിലും പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിലും ധാരണയുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.