ന്യുഡൽഹി: അസാനി ചുഴലിക്കാറ്റ് 12 മണിക്കുറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് സ്വാധീനം ചെലുത്താനിടയുള്ള ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം. ചൊവ്വാഴ്ച രാത്രി വടക്ക് - പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലേക്കും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കുമെത്താനാണ് സാധ്യത.
മത്സ്യത്തൊഴിലാളികൾ മെയ് 9,10 തീയതികളിൽ ബംഗാൾ ഉൾക്കടലിന്റെ ആഴക്കടലിലും മെയ് 10,12 തീയതികളിൽ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒഡീഷയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും ചൊവ്വാഴ്ച വൈകുന്നേരം മുതൽ നേരിയ മഴക്കും ഗജപതി, ഗഞ്ചം ജില്ലകളിൽ കനത്ത മഴക്കും സാധ്യത. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് ശക്തിയാർജിച്ച് അസാനി ചുഴലിക്കാറ്റായി മാറിയത്. ശ്രീലങ്കയാണ് സിംഹള ഭാഷയിൽ 'ക്രോധം' എന്നർത്ഥം വരുന്ന അസാനിയെന്ന പേര് ചുഴലിക്കാറ്റിന് നൽകിയത്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.