ചെന്നൈ: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദം ‘ഫെംഗൽ’ ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ അതിതീവ്ര മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, രാമനാഥപുരം, നാഗപട്ടണം, കടലൂർ, വില്ലുപുരം, തിരുവള്ളുവർ ജില്ലകളിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കിഴക്കൻ തീരത്ത് ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
അയൽ സംസ്ഥാനമായ പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സർക്കാർ എയ്ഡഡ് സ്‌കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം അറിയിച്ചു. ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിലും മഴ തുടരുകയാണ്.
ആവശ്യത്തിനു ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഉന്നതതല യോഗത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എൻ.ഡി.ആർ.എഫിന്റെ 17 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
ന്യൂനമർദം കേരളത്തിന് ഭീഷണിയാകില്ലെങ്കിലും മൂന്ന് ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ, ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. വെള്ളിയാഴ്ച തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.