ന്യൂഡൽഹി: മലിനീകരണ നിയന്ത്രണ നടപടികൾ കാര്യക്ഷമമാക്കാൻ രാജ്യവ്യാപകമായി പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീംകോടതി. പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും നിറത്തിലുള്ള സ്റ്റിക്കറുകൾ പതിക്കുന്നത് വാഹനങ്ങളുടെ ഇന്ധനം തിരിച്ചറിയാൻ സഹായിക്കും. രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ പരിമിതികളുണ്ട്. ആവശ്യമെങ്കിൽ അനുച്ഛേദം 142 പ്രകാരമുള്ള ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് വിഷയത്തിൽ ഇടപെടുമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, എ.ജി. മസിഹ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
വായു മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹോളോഗ്രാമുകൾക്കും കളർ-കോഡിങ്ങിനും അതിന്റേതായ നേട്ടമുണ്ട്. നിലവിലുള്ള ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നടപടികളുടെ അടിസ്ഥാനത്തിൽ ഡീസൽ വാഹനങ്ങൾ തിരിച്ചറിയാനും നടപടി സ്വീകരിക്കാനും കഴിയും. 2018 ആഗസ്റ്റിലാണ് മലിനീകരണ നിയന്ത്രണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളർ-കോഡഡ് സ്റ്റിക്കറുകൾ എന്ന ആശയം സുപ്രീംകോടതി ആദ്യമായി അവതരിപ്പിച്ചത്.
ഗ്രാപ് പദ്ധതിയിൽ നിർണായക ഘട്ടങ്ങളിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2018ലെ നിർദേശം ഡൽഹിക്ക് മാത്രമുള്ളതല്ലെന്നും രാജ്യവ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം 2020 ആഗസ്റ്റിൽ വാഹനങ്ങൾക്ക് അതിസുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റുകളും (എച്ച്.എസ്.ആർ.പി) കളർ-കോഡുള്ള സ്റ്റിക്കറുകളും നിർബന്ധമാക്കിയിരുന്നു. ഇത് ലംഘിക്കുന്നവർക്ക് നിലവിൽ രാജ്യതലസ്ഥാനത്ത് 5,500 രൂപയാണ് പിഴ.
2018ലെ ഉത്തരവും 2019ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ ഭേദഗതിയും തമ്മിൽ ചില പൊരുത്തക്കേടുകൾ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷൻ മാർക്കിനായി ഒരു പ്രത്യേക ഭാഗം നൽകിയെങ്കിലും ഹോളോഗ്രാമുകളോ കളർ കോഡ് ചെയ്ത സ്റ്റിക്കറുകളോ ഇതിൽ പരാമർശിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഡിസംബർ 13ന് രാജ്യവ്യാപകമായി വാഹനങ്ങൾ ടാഗ് ചെയ്യണമെന്ന് കോടതി നിർദേശിച്ചതോടെ ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത സെക്രട്ടറിമാർക്കും കമീഷണർമാർക്കും ഇത് ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. എന്നാൽ, നടപടികൾ എങ്ങുമായില്ല എന്ന് വിലയിരുത്തിയാണ് കോടതി സവിശേഷാധികാരം ഉപയോഗിച്ച് വിഷയത്തിൽ ഇടപെടാനുള്ള സന്നദ്ധത അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.