ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ശനിയാഴ്ച അർധരാത്രിയോടെ പുതുച്ചേരിയിലൂടെ പൂർണമായും കരകടന്നു. നിലവിൽ ഇത് അതിതീവ്ര ന്യൂനമർദമായി മാറിയതിനാൽ ചെന്നൈ- പുതുച്ചേരി മേഖലയിൽ കനത്തമഴ തുടരുകയാണ്. നിലവിൽ പുതുച്ചേരിക്ക് 30 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദം തിങ്കളാഴ്ച രാവിലെയോടെ ദുർബലമായി പടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.4 സെന്റിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ആണ് ലഭിച്ചത്. പുതുച്ചേരിയില്‍ മൂന്ന് ദശാബ്ദങ്ങൾക്കുശേഷം ഉണ്ടായ റെക്കോഡ് മഴയാണിത്. പുതുച്ചേരിയിലെ മഴക്കെടുതികളിൽ നാലുപേർ മരിച്ചതായി ജില്ല കലക്ടർ കുലോത്തുംഗൻ അറിയിച്ചു.
ചെന്നൈയിൽ ശനിയാഴ്ച പൊട്ടിവീണ വൈദ്യുതികമ്പികളിൽനിന്ന് ഷോക്കേറ്റ് മൂന്നുപേർ മരിച്ചിരുന്നു. ഇതിൽ രണ്ടുപേർ വടക്കേഇന്ത്യൻ സ്വദേശികളാണ്. ഞായറാഴ്ച തിരുവള്ളൂരിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ഒരു ബാലൻ മരിച്ചു. ഇതോടെ തമിഴ്നാട്ടിലും മരണസംഖ്യ നാലായി ഉയർന്നു. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചതായും റിപ്പോർട്ടുണ്ട്.
പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ ഞായറാഴ്ച രാവിലെ മഴ വിട്ടുനിന്നത് ആശ്വാസമായി. റൺവേ വെള്ളത്തിനടിയതിലായതിനാൽ അടച്ചിട്ട ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ച തുറന്നെങ്കിലും ചില വിമാനങ്ങൾ വൈകി. ട്രെയിൻ സർവിസുകളും സാധാരണ നിലയിലായതായി റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം: അതിതീവ്ര മഴക്കുള്ള സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ അതിശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെയും മത്സ്യബന്ധനം വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.