ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 28നായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുത്ത റാലി. യു.പിയിലെ ഹാപുറിലെ റാലിക്ക് ശേഷമുള്ള പ്രദേശത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്. റാലി കഴിഞ്ഞതോടെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യപലക നീക്കം ചെയ്യാനായിരുന്നു ആളുകളുടെ ശ്രമം.
പാചക വാതക സിലിണ്ടറുകൾ നിറക്കുന്നത് വലിയ ചെലവേറിയതാണെന്ന് പറഞ്ഞായിരുന്നു ബോർഡുകൾ സ്ഥാപിച്ച പലകകൾ ആളുകൾ വീടുകളിലേക്ക് കൊണ്ടുപോയത്. ബോർഡുകൾ സ്ഥാപിക്കുന്നതിനായി ലക്ഷകണക്കിന് രൂപയാണ് ബി.ജെ.പി മുടക്കിയിരുന്നത്. ഇവയെല്ലാം ആളുകൾ പൊളിച്ചെടുത്ത് വിറകിനായി കൊണ്ടുപോയി.
'ഒരു സിലിണ്ടറിന് 1000 രൂപയാണ് വില. സിലിണ്ടർ വീണ്ടും നിറക്കാനുള്ള പണമില്ല. ഈ പലകകൾ വീട്ടിൽ പാചകത്തിന് ഉപയോഗിക്കും' -പലകയുമായി പോകുന്ന ഒരു സ്ത്രീ വിഡിയോയിൽ പറയുന്നു.
2016ൽ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ പാചക വാതക കണക്ഷനുകൾ നൽകിയിരുന്നു. എന്നാൽ വിലക്കയറ്റം തടസമായതോടെ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് വീണ്ടും പാചകവാതക സിലിണ്ടറുകൾ നിറക്കുന്നത് വൻ ബാധ്യതയാകുകയായിരുന്നു. യു.പിയിൽ 900 രൂപയാണ് ഒരു സിലിണ്ടറിന്‍റെ വില. 2019ലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കംപാഷനേറ്റ് ഇക്കണോമിക്സിന്റെ പഠനപ്രകാരം ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പദ്ധതി ആനുകൂല്യം ലഭിച്ച 73 ശതമാനം കുടുംബങ്ങളും പാചകത്തിനായി മറ്റു ഉപാധികൾ തേടിയതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.