ന്യൂഡൽഹി: സി.പി.ഐയുടെ പുതിയ ജനറൽ സെക്രട്ടറിയായി ഡി. രാജയെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ സെക്രട്ടറിയേറ്റിന്‍റെ നിർദേശത്തിന് ദേശീയ കൗൺസിൽ അംഗീകാരം നൽകി. നിലവിലെ ദേശീയ ജനറൽ സെക്രട്ടറി കെ. സുധാകർ റെഡ്ഡിയുടെ പിൻഗാമിയായാണ് രാജ യുടെ നിയമനം.
കേന്ദ്രസർക്കാറിനെതിരായ പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡി. രാജ വ്യക്തമാക്കി. വളരെ അപകടകരമായ അവസ്ഥയിലാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദലിത് വിഭാഗക്കാരനാണ് അദ്ദേഹം. നിലവിൽ പാർട്ടി ദേശീയ സെക്രട്ടറിയും ദേശീയ നിർവാഹകസമിതി അംഗമുമായ ഡി. രാജ തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭ എം.പിയാണ്. സി.പി.െഎ ദേശീയ കൗൺസിൽ അംഗവും മഹിള സംഘം ദേശീയ സെക്രട്ടറിയുമായ ആനി രാജയാണ് ഭാര്യ.
76കാരനായ സുധാകർ റെഡ്ഡി 2012 മുതൽ സി.പി.െഎ ജനറൽ സെക്രട്ടറി പദവി വഹിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് 2021 വരെ കാലാവധിയുള്ള സുധാകർ റെഡ്ഡി നേരത്തേ സ്ഥാനം ഒഴിയുന്നതായി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലും സുധാകർ റെഡ്ഡി ഇക്കാര്യം അറിയിച്ചിരുന്നു.
ഡി. രാജയെ കൂടാതെ ബിനോയ് വിശ്വം എം.പി, ഉത്തർപ്രദേശിൽ നിന്നുള്ള അതുൽ കുമാർ അഞ്ജൻ, എ.െഎ.ടി.യു.സി ജനറൽ സെക്രട്ടറി അമീർജീത് കൗർ എന്നിവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.