ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമഭേദഗതി പരിഗണിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ 28കാരനായ അമ്മാവൻ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കവെ അഡീഷനൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയാണ് ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന (പോക്സോ) നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ നിയമമന്ത്രാലയം ആലോചിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതേ കേസ് മുമ്പ് പരിഗണിച്ചപ്പോൾ, ‘വധശിക്ഷ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമല്ല’ എന്നായിരുന്നു കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ എ.എസ്.ജിയുടെ നിലപാട്. കഠ്വയിലെ പെൺകുട്ടിയുടെ ദാരുണ മരണമടക്കം തുടർച്ചയായി ഉണ്ടാകുന്ന പീഡന സംഭവങ്ങളിൽ സമൂഹത്തിൽനിന്ന് ഉയർന്ന പ്രതിഷേധമാണ് നയംമാറ്റത്തിനും കടുത്ത നടപടിക്കും സർക്കാറിനെ പ്രേരിപ്പിക്കുന്നത്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാർ നിലപാട് രേഖപ്പെടുത്തിയശേഷം കേസ് ഏപ്രിൽ 27ന് പരിഗണിക്കാനായി മാറ്റി.
അലഖ് അലോക് ശ്രീവാസ്തവയാണ് പൊതുതാൽപര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.