ഡൽഹി: നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സർക്കാർ ഓഫിസുകളിലെ പകുതി ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' നൽകാനൊരുങ്ങി ഡൽഹി സർക്കാർ. ഓഫിസുകളിലെ 50 ശതമാനം ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം വ്യവസ്ഥകൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
'മലിനീകരണം കുറക്കുന്നതിനായി സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇതിന്‍റെ നടത്തിപ്പിനായി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സെക്രട്ടറിയറ്റിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരും' -ഗോപാൽ റായ് എക്സ് പോസ്റ്റിൽ പറഞ്ഞു.
വായു ഗുണനിലവാരം അപകടകരമായ അവസ്ഥയിൽ സ്കൂളുകളും ഡൽഹി സർവകലാശാലയും അടച്ചു. നവംബർ 23 ശനിയാഴ്ചവരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് ഡൽഹി സർവകലാശാല അറിയിച്ചു. മലിനീകരണ തോത് ഉയരുന്നതിനാൽ ഡൽഹിയിലെ എല്ലാ സ്കൂളുകളിലും ഓൺലൈനിൽ പ്രവർത്തിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി ആതിഷി എക്സിൽ കുറിച്ചു.
ഡൽഹിയിൽ കർശനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. അനുമതി വാങ്ങാതെ നിയന്ത്രണങ്ങൾ നീക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.