ന്യൂഡൽഹി: 23 വർഷം മുമ്പുള്ള അപകീർത്തിക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈകോടതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന ഒരു എൻ.ജി.ഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ അഞ്ചുമാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി. മേയ് 24നായിരുന്നു ഡൽഹി കോടതി മേധക്കെതിരെ അപകീർത്തി കേസിൽ ശിക്ഷ വിധിച്ചത്.
സംഭവത്തിൽ പരാതിക്കാരനായ ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്‌സേനക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന് 25000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്സേന സെപ്റ്റംബർ നാലിന് മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
തനിക്കും നർമദാ ബച്ചാവോ ആന്ദോളനും എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് സക്‌സേനയ്‌ക്കെതിരെ മേധാ പട്കർ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെ 2001ലാണ് മേധക്കെതിരെ സക്സേന മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഒരു ടെലിവിഷൻ ചാനലിൽ തനിക്കെതിരെ മേധാ പട്കർ അപകീർത്തികരമായ പരാമർശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച് രണ്ട് കേസുകളാണ് സക്സേന ഫയൽ ചെയ്തത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ നാഷനൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ തലവനായിരുന്നു സക്‌സേന. സക്‌സേനയെ 'ഭീരു' എന്ന് വിളിക്കുകയും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തു എന്നായിരുന്നു പരാതി. രണ്ടുവർഷത്തിനു ശേഷം കേസ് സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് ഡൽഹി കോടതിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.