ന്യൂഡൽഹി: ദീപാവലി കഴിഞ്ഞതോടെ ഡൽഹിയിൽ വീണ്ടും വായു മലിനീകരണം രൂക്ഷമാകുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.സി.ബി) കണക്കനുസരിച്ച് ഡൽഹി നഗരം വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ്. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് (എ.ക്യു.ഐ) രേഖപ്പെടുത്തിയത്.
കർശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡൽഹി ദീപാവലി ആഘോഷിച്ചത്. പടക്കം നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹിയിൽ പലയിടത്തും ആളുകൾ പടക്കം പൊട്ടിച്ചു.
ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) അപകടകരമായ നിലയിലെത്തി. ജഹാംഗീർപുരി, ആർകെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാർ, വസീർപൂർ, ബവാന, രോഹിണി എന്നിവിടങ്ങളിലും എ.ക്യു.ഐ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ 900 വരെ ഉയർന്നു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 910, ലജ്പത് നഗറിൽ 959, കരോൾ ബാഗിൽ 779 എന്നിങ്ങനെയാണ് രാവിലെ ആറ് മണിയോടെ രേഖപ്പെടുത്തിയത്.
ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എ.ക്യു.ഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തുന്നത്. ചൂട് കുറഞ്ഞത് അന്തരീക്ഷ മലിനീകരണത്തോത് വർധിപ്പിച്ചു. ദീപാവലി ദിനമായ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഡൽഹിയിലെ എ.ക്യു.ഐ 218 ആയിരുന്നു.
ദീപാവലിക്ക് തൊട്ടുമുമ്പ് ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ പുരോഗതിയുണ്ടായിരുന്നു. വ്യാഴാഴ്‌ച ദിവസം ശരാശരി എ.ക്യു.ഐ 437ആയിരുന്നു. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കുകൾ പ്രകാരം 2022 മുതൽ 2016 വരെ യഥാക്രമം 312, 382, 414, 337, 281, 319, 431 എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ എ.ക്യു.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.