ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി ജന്മനാടുകളിലേക്ക് പലായനം ചെയ്യുന്നത് കൊറോണ വൈറസിെൻറ സാമൂഹിക വ്യാപനം രൂക്ഷമാക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ അവർക്ക് ഖാസിപുരിലെ സ്കൂളുകളിൽ അഭയമൊരുക്കി ഡൽഹി സർക്കാർ. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടമായതോടെ കഷ്ടപ്പാടിലായ കുടിയേറ്റ തൊഴിലാളികൾ ജന്മനാടുകളിലേക്ക് പോകാൻ കൂട്ടമായി നിൽക്കുന്നത് ഡൽഹിയിലെ ബസ് സ്റ്റേഷനുകളിലെ ദയനീയ കാഴ്ചയായ സാഹചര്യത്തിലാണിത്.
ഡൽഹിയുടെയും ഉത്തർപ്രദേശിെൻറയും അതിർത്തി പ്രദേശമായ ഖാസിപുരിൽ നൂറുകണക്കിന് തൊഴിലാളികളാണ് ജന്മനാടുകളിലേക്ക് മടങ്ങാൻ കൂട്ടം ചേർന്നിരിക്കുന്നത്. രോഗം പകരാൻ ഇത് കാരണമാകുമെന്നതിനാൽ ഈ കൂട്ടം ചേരൽ ഒഴിവാക്കി സർക്കാർ ഒരുക്കിയിരിക്കുന്ന ക്യാമ്പുകളിൽ കഴിയണമെന്നാണ് ഡൽഹി സർക്കാർ തൊഴിലാളികളോട് അഭ്യർഥിക്കുന്നത്. ഇവിടങ്ങളിൽ ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ലോക്ക്ഡൗൺ മൂലം തൊഴിൽ ഇല്ലാതായതോടെ ഭക്ഷണത്തിനും വാടക നൽകാനും പണമില്ലാതായി പ്രതിസന്ധിയിലായ ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് ഡൽഹിയിൽ നിന്ന് മടങ്ങുന്നത്. ഈ നീക്കത്തിൽ നിന്ന് ഇവർ പിൻമാറണമെന്നും എല്ലാ ജില്ലകളിലും ഇവർക്ക് സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു.
താമസ സൗകര്യമില്ലാത്ത തൊഴിലാളികൾക്ക് അഭയമൊരുക്കാൻ 224 കേന്ദ്രങ്ങളും 325 സ്കൂളകളും ഡൽഹിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നാല് ലക്ഷം പേർക്കുള്ള ഉച്ച- രാത്രി ഭക്ഷണങ്ങൾ സൗജന്യമായി നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കെജ്രിവാൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.