ഡൽഹിയിൽ ആളുകൾ നോക്കി നിൽക്കെ അക്രമികൾ സംഘം ​ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ സംഘം ആളുകൾ ചേർന്ന് ഒരാളെ അതി​ക്രൂരമായി കുത്തിക്കൊന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ സുന്ദർ നഗ്രി മേഖലയിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. കൊലപാതകം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സുന്ദർ നഗരി നിവാസിയായ മനീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രധാന പ്രതികളായ ആലം, ബിലാൽ, ഫൈസാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി 7.40 ഓടെയാണ് പൊലീസിൽ വിവരം ലഭിക്കുന്നത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രദേശത്ത് മുൻകരുതലായി കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളിൽ, ഒരു കൂട്ടം ആളുകൾ മങ്ങിയ വെളിച്ചമുള്ള പാതയിലൂടെ നടക്കുന്നത് കാണാം. മനീഷ് എതിർ വശത്തു നിന്നാണ് വരുന്നത്. പെട്ടെന്ന് സംഘത്തിലൊരാൾ മനീഷിന്റെ കോളറിൽ പിടിച്ച് അടിക്കുന്നു. തുടർന്ന് മൂന്നുപേർ അവനെ പിടിച്ചുവെച്ച് തുടരെത്തുടരെ കുത്തുകയും ചെയ്തു.

രണ്ടുപേർ കുറച്ചകലെ സംഭവം നിരീക്ഷിച്ചുകൊണ്ട് ബൈക്കിലും കസേരയിലുമായി ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇവർ അക്രമികളെ തടയുന്നില്ല. ഇവരെ കടന്നുപോയ ചില ആളുകളും കുറച്ചപ്പുറത്ത് നിന്ന് സംഭവം നോക്കി നൽക്കുന്നുണ്ട്.

കുറച്ച് സമയങ്ങൾക്ക് ശേഷം അക്രമികൾ മൂവരും ഇയാളെ ഉപേക്ഷിച്ച് പോകുന്നു. എന്നാൽ അതിലൊരാൾ വീണുപോയ തൊപ്പി എടുക്കാനായി തിരിച്ചു വരുന്നുണ്ട്. അപ്പോഴും നിലത്തു വീണുകിടക്കുന്ന മനീഷിനെ അയാൾ വീണ്ടും നിരവധി തവണ കുത്തുന്നത് കാണാം. അവശനായി കിടക്കുന്ന മനീഷ് തടയാൻ ശ്രമിക്കുന്നുണ്ട്. സാധിക്കാതെ തറയിലേക്ക് വീഴുകയും ചെയ്യുന്നു.

ശേഷം അക്രമി മറ്റ് സംഘത്തോടൊപ്പം ചേർന്ന് സ്ഥലം വിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവർ പോകുന്നതിന് മുമ്പ് മനീഷ് കിടക്കുന്നിടത്തേക്ക് കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

മനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് പൊലീസ് പറഞ്ഞു. നിയമനടപടി ആരംഭിച്ചതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Delhi Man Stabbed To Death As Bystanders Watch, 3 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.