ന്യൂഡൽഹി: നാലാംഘട്ട ലോക്ഡൗണിൽ കർശന നിയന്ത്രണങ്ങളോടെ ഡൽഹി മെട്രോ സർവീസ് പുനഃരാരംഭിച്ചേക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 22 മുതൽ നിർത്തലാക്കിയ ഡൽഹി മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.സുരക്ഷിതമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ ഒരോ സ്റ്റേഷനുകളിലും എ.എഫ്.സി ഗേറ്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ എന്നിയുണ്ടാകും. സ്റ്റേഷനുകൾ അണുവിമുക്തമാക്കുന്നതിന് പ്രത്യേകം പരിശീലനം നൽകിയ ശുചീകരണ തൊഴിലാളികളെ നിയമിക്കുമെന്നും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അടുത്തിടെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
കോൾഡ് വാട്ടർ ഹൈ പ്രഷർ ജെറ്റ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാക്ക്-ബാക്ക് ഓട്ടോമാറ്റിക് സ്‌ക്രബ്ബർ ഡ്രയർ, ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, സ്റ്റീം ക്ലീനർ, ഓട്ടോമാറ്റിക് എസ്‌കലേറ്റർ ക്ലീനർ എന്നിങ്ങനെയുള്ള അത്യാധുനിക ഉപകരണങ്ങൾ ശുചീകരണത്തിന് ഉപയോഗിക്കുമെന്നും ഡി.എം.ആർ.സി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ എന്നുമുതൽ സർവീസ് തുടങ്ങുമെന്ന് ഡി.എം.ആർ.സി വ്യക്തമാക്കിയിട്ടില്ല.
നാലാം ഘട്ട ലോക്ഡൗണിൽ ഏതുതരത്തിലുള്ള ഇളവുകൾ നൽകണമെന്നതിനെ കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജനങ്ങളിൽ നിന്ന് നിർദ്ദേശം തേടിയിരുന്നു. മെട്രോ റെയിൽ സർവീസുകൾ പുനഃരാരംഭിക്കണമോയെന്നും ജനങ്ങളോട് ആരാഞ്ഞിരുന്നു.
മെട്രോ സർവീസ് ആരംഭിക്കുന്നതിന് അഞ്ച് പ്രധാന മാർഗ നിർദേശങ്ങൾ ഡി.എം.ആർ.സി മുന്നോട്ട് വെച്ചിരുന്നു. യാത്രക്കാർ അവരുടെ മൊബൈൽ ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം, മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കണം, എൻട്രി പോയിൻറുകളിൽ നിന്ന് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം, ടിക്കറ്റ് കൗണ്ടർ, ട്രെയിൻ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണം, സുരക്ഷാ സ്ക്രീനിങ് സ്ഥലത്തിനും ലൈനപ്പ് പോയിൻറുകൾക്കുമിടയിൽ കുറഞ്ഞത് രണ്ട് മീറ്റർ ദൂരവും സുരക്ഷാ സ്ക്രീനിങ്ങിനായി കാത്തിരിക്കുന്ന യാത്രക്കാർക്കിടയിൽ ഒരു മീറ്ററും ദൂരവും നിലനിർത്തണം, താപനില കൂടുതലുള്ള വ്യക്തികളെയോ ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കോ യാത്ര അനുവദിക്കരുത് എന്നിവയാണ് നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.