ശഹീൻ ബാഗ് സമരത്തിന് സ്ത്രീകളെ എത്തിച്ചത് ദിവസക്കൂലി കൊടുത്താണെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസ വേതനം നല്‍കിയാണെന്ന് ഡൽഹി പൊലീസ്. കർക്കർദുമ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഡല്‍ഹി പൊലീസിൻറെ പരാമർശം. ശഹീൻബാഗിലും ജാമിയ മിലിയ സർവകലാശാലക്ക് സമീപവും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ ദിവസ വേതനം നല്‍കിയാണ് സ്ത്രീകളെ പങ്കെടുപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റാരോപിതർ മതത്തെയും സ്ത്രീത്വത്തെയും മാധ്യമ ശ്രദ്ധയെയും പരിചയായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗവും അലുമ്‌നി അസോസിയേഷൻ ഓഫ് ജെ.എം.ഐ പ്രസിഡന്‍റുമായ ഷിഫ-ഉർ-റഹ്മാന്‍റെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്. പണമായും ബാങ്ക് അക്കൗണ്ടുകൾ വഴിയും സമ്പാദിച്ച തുക വിവിധയിടങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകൾക്ക് ദിവസക്കൂലിയായി നൽകിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലും വാട്സ് ആപ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഈ വിവരങ്ങൾ ലഭിച്ചതെന്നാണ് പൊലീസിന്‍റെ അവകാശവാദം.

ജാമിയ മിലിയ സർവകലാശാലയുടെ ഏഴാം നമ്പർ ഗേറ്റിനു മുന്നിലെ പ്രതിഷേധസമരത്തിന് അലുമ്‌നി അസോസിയേഷൻ ഓഫ് ജെ.എം.ഐ മൈക്ക്, പോസ്റ്റർ, ബാനറുകൾ, കയറുകൾ തുടങ്ങിയവ നൽകി. പ്രതിഷേധത്തിനായി ബസുകൾ വാടകക്കെടുത്ത് നൽകിയത് എ.എ.ജെ.എം.ഐ ആണ്. ജാമിയയിലെ ഗേറ്റ് നമ്പർ 7 ന്റെ മുന്നിലെ പ്രതിഷേധ സ്ഥലത്ത് മാത്രം എ.എ.ജെ.എം.ഐയുടെ ദൈനംദിന ചെലവ് 5,000 മുതൽ 10,000 രൂപ വരെയാണെന്നും പൊലീസ് പറയുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. നേരത്തെ കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതില്‍ വലിയ പ്രതിഷധം ഉയര്‍ന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.