മംഗളൂരു: നിപ രോഗബാധയുമായി ബന്ധപ്പെട്ട ജാഗ്രത പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിൽ ശക്തമാക്കിയതിനു പിന്നലെ നിരീക്ഷണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും കർണാടകയിലും ആരംഭിച്ചു. കർണാടകയിൽ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.
മലപ്പുറത്ത് മരിച്ച വിദ്യാർഥി പഠിച്ചത് ബംഗളൂരുവിലെ സ്വകാര്യ കോളജിലായിരുന്നു. ആരോഗ്യ വകുപ്പിന്റെ സംഘം കോളേജ് സന്ദർശിച്ചു. വിദ്യാർഥികളും ജീവനക്കാരുമടക്കം 32 പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചു. മരിച്ച വിദ്യാർഥിയെ നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മൂന്നു വിദ്യാർഥികൾ സന്ദർശിച്ചിരുന്നതായും കണ്ടെത്തി. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആർക്കും രോഗ ലക്ഷണങ്ങളില്ലെന്നും അവരിൽ പലരും ബംഗളൂരുവിൽ മടങ്ങിയെത്തിയെന്നും മന്ത്രി പറഞ്ഞു.
നിപ വൈറസിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കുകയോ രോഗലക്ഷണങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ല. മരിച്ച വ്യക്തിയുമായി പ്രാഥമിക, ദ്വീതിയ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കാൻ ചിക്കബാനവാര, ഗോപാൽപുര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമം നടത്തി വരുകയാണ്. ബംഗളൂരുവിലുള്ള പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട രണ്ടുപേർക്ക് രോഗലക്ഷണങ്ങളില്ല. ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.