ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ക്ഷുഭിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ കലാപത്തെ തുടർന്ന് മുഖ്യമന്ത്രി എൻ.ബീരേൻ സിങ് രാജിവെക്കുമോയെന്ന ചോദ്യത്തോടാണ് അമിത് ഷാ രൂക്ഷമായി പ്രതികരിച്ചത്. നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം പക്ഷേ വാദിക്കാൻ നിൽക്കരുതെന്ന് മാധ്യമപ്രവർത്തകരോട് അമിത് ഷാ പറഞ്ഞു.
മെയ്തേയി-കുക്കി വിഭാഗങ്ങളുമായി സർക്കാർ ചർച്ച നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുമോയെന്ന ചോദ്യത്തോട് അങ്ങനെയൊന്ന് ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ അറിയിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി.
60 വർഷത്തിനിടെ ഇതാദ്യമായി രാജ്യത്ത് രാഷ്ട്രീയമായ സ്ഥിരത മോദി സർക്കാർ കൊണ്ടു വന്നുവെന്നും അദ്ദേഹം പറഞ്ഞു. നയങ്ങളുടെ തുടർച്ച ഉണ്ടാവുന്നത് ഇപ്പോഴാണ്. രാജ്യത്ത് ഒറ്റ രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം കൊണ്ടു വരാൻ സർക്കാർ ഒരുങ്ങുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയാനാണ് വഖഫ് നിയമഭേദഗതി ബിൽ കൊണ്ട് വന്നത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ നിയമം പാസാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് കർഷകരിലേക്ക് നേരിട്ട് പണമെത്തിക്കാനും നിയമം മൂലം സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.