‘ആശയക്കുഴപ്പം പരത്താനുള്ള ബോധപൂർവ ശ്രമം’; കോൺഗ്രസ് അധ്യക്ഷൻ ഖാർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇൻഡ്യ സഖ്യത്തിലെ പാർട്ടികളുടെ നേതാക്കൾക്ക് കത്തയച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ആശയക്കുഴപ്പം പരത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഖാർഗെയുടേതെന്ന് കമീഷൻ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യത എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും ഖാർഗെ സൂചിപ്പിച്ചിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തുന്നതിൽ ആശയക്കുഴപ്പവും തടസ്സങ്ങളും സൃഷ്ടിക്കാനും വഴിത്തെറ്റിക്കാനും കോൺഗ്രസ് അധ്യക്ഷൻ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കമീഷൻ വ്യക്തമാക്കി. ഖാർഗെയുടെ കത്ത് രാഷ്ട്രീയ സഖ്യത്തിനുള്ളിലെ ആഭ്യന്തര കത്തിടപാടുകളുടെ രൂപത്തിലാണെന്നും എന്നിട്ടും അദ്ദേഹം അത് പരസ്യപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. ഖാർഗെ കത്ത് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

വോട്ടെടുപ്പ് ദിനത്തിൽ പുറത്തുവിട്ട കണക്കുകളേക്കാൾ അഞ്ചു ശതമാനത്തിലധികം വർധനയാണ് കമീഷൻ പുറത്തുവിട്ട അന്തിമ പോളിങ് കണക്കുകളിലുള്ളത്. ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ദിനത്തിൽ പുറത്തുവിട്ട കണക്കുകളേക്കാൾ 5.5 ശതമാനത്തിന്‍റെയും രണ്ടാംഘട്ടത്തിൽ 5.74 ശതമാനത്തിന്‍റെയും വർധനയാണ് അന്തിമ കണക്കുകളിലുള്ളതെന്നും ഖാർഗെയുട കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പോളിങ് കണക്കുകൾ പുറത്തുവിടുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും പോളിങ് ദിനത്തിൽ പുറത്തുവിടുന്ന ശതമാനത്തേക്കാൾ കൂടുതലായിരിക്കും അന്തിമ കണക്കുകളെന്നും കമീഷൻ വ്യക്തമാക്കി. 2019ലെ കണക്കുകളും ഇതിനൊപ്പം പ്രസിദ്ധീകരിച്ചാണ് കമീഷൻ തങ്ങളുടെ വാദത്തിൽ ഉറച്ചുനിൽക്കുന്നത്.

വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾക്കെതിരെ ശബ്ദമുയർത്താൻ ഖാർഗെ ഇൻഡ്യ മുന്നണിയിലെ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിടുന്നതിലെ കാലതാമസത്തെക്കുറിച്ച് നിരവധി പ്രതിപക്ഷ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Deliberate attempt to spread confusion': EC rejects Kharge's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.