'രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണം'; ചീഫ് ജസ്റ്റിസിനെ വേദിയിലിരുത്തി മമതയുടെ ആവശ്യം

കൊല്‍ക്കത്ത: രാജ്യത്തെ ജനാധിപത്യത്തിന്റെയും ഫെഡറൽ ഘടനയുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. ഈ പ്രവണത തുടര്‍ന്നാല്‍ രാജ്യം പ്രസിഡൻഷ്യൽ ഭരണത്തിന് സമാനമായ അവസ്ഥയിലേക്ക് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി. കൊൽക്കത്തയിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കൽ സയൻസസിന്റെ (എൻ.യു.ജെ.എസ്) ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ജനാധിപത്യ അവകാശങ്ങളെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പിടിച്ചെടുക്കുകയാണ്. ഇപ്പോള്‍ എവിടെയാണ് ജനാധിപത്യമുള്ളതെന്നും അവര്‍ ചോദിച്ചു. മാധ്യമങ്ങളുടെ പക്ഷപാതത്തെ രൂക്ഷമായി വിമർശിച്ച മമത, മാധ്യമങ്ങള്‍ക്ക് ആരെയും അധിക്ഷേപിക്കാനും കുറ്റവാളിയാക്കാനുമുള്ള അവകാശമുണ്ടോയെന്നും ചോദിച്ചു. ഒരാളുടെ സല്‍പേരിന് ഒരു തവണ കളങ്കമുണ്ടായാല്‍ അത് ഒരിക്കലും തിരികെ കിട്ടില്ലെന്നും അവർ പറഞ്ഞു.

ജനങ്ങൾക്ക് നീതിപീഠത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, ഇന്ന് അവസ്ഥ മോശമായിരിക്കുന്നു. കോടതിക്ക് അനീതികളില്‍ ഇടപെടാനും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനുമാകും. നീതിന്യായ സംവിധാനത്തിന് എന്ത് ചെയ്യാനാവുമെന്ന് രണ്ട് മാസത്തെ കാലയളവിനിടയില്‍ ജസ്റ്റിസ് യു.യു ലളിത് കാണിച്ചു തന്നെന്നും മമത പറഞ്ഞു.

Tags:    
News Summary - 'Democracy in the country must be protected'; Mamata to the Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.