ന്യൂഡൽഹി: ജനാധിപത്യം ഇന്ത്യക്ക് കേവലം തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ലെന്നും അത് ഇന്ത്യൻ ജനതയുടെ ജീവിതത്തിലും പ്രകൃതിയിലും രൂഢമൂലമായ ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിസൈഡിങ് ഓഫിസർമാരുടെ ദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മോദി.
വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യയെ കൂടുതൽ ഉയരത്തിലെത്തിക്കേണ്ടതുണ്ട്. അസാധാരണമായ നേട്ടങ്ങൾ കൈവരിക്കേണ്ടതുണ്ട്. എല്ലാവരുടെ പരിശ്രമവും കൂടിയാകുമ്പോൾ മാത്രമാണ് നമുക്ക് നേട്ടം കൈവരിക്കാനാകുക.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പതിറ്റാണ്ടുകളായി തുടർന്ന പ്രശ്നങ്ങളും വൻകിട പദ്ധതികൾ മുടങ്ങിക്കിടക്കുന്ന അവസ്ഥയും ഉൾപ്പെടെ നിരവധി കാര്യങ്ങൾ പരിഹരിക്കാനായത് എല്ലാവരുടെയും പ്രയത്നം കൊണ്ടാണ്.
100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ചരിത്രനേട്ടമാണ്. എല്ലാ സംസ്ഥാനങ്ങളെയും ഒരുമിച്ച് ചേർത്തുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. അസാധ്യമെന്ന് ഒരുകാലത്ത് കരുതിയതെല്ലാം ഇന്ത്യ ഇന്ന് സാധ്യമാക്കുകയാണ്.
'ഒരു രാഷ്ട്രം, ഒരു നിയമനിർമാണം' എന്ന ആശയവും മോദി ഉയർത്തി. പാർലമെന്‍ററി സംവിധാനത്തെ ശക്തിപ്പെടുത്താൻ 'ഒരു രാഷ്ട്രം, ഒരു നിയമനിർമാണം' എന്ന ആശയത്തെ മുൻനിർത്തിയുള്ള പോർട്ടലിനെ കുറിച്ചാണ് മോദി സംസാരിച്ചത്. പാർലമെന്‍ററി സംവിധാനത്തിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതോടൊപ്പം രാജ്യത്തെ എല്ലാ ജനാധിപത്യ ഘടകങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനും ഈ പോർട്ടലിന് സാധിക്കുമെന്ന് മോദി പറഞ്ഞു.
ഇന്ത്യൻ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാകണം സഭകളിലെ പെരുമാറ്റം. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വികാസത്തിന്‍റെ ആയിരക്കണക്കിന് വർഷങ്ങളിൽ, വൈവിധ്യങ്ങളുടെ നടുവിൽ, മഹത്തായതും ദൈവികവും അഖണ്ഡവുമായ ഐക്യത്തിന്‍റെ പ്രവാഹം ഒഴുകുന്നുവെന്ന് നമ്മൾ തിരിച്ചറിഞ്ഞു. ഈ ഐക്യമാണ് നമ്മുടെ വൈവിധ്യത്തെ വിലമതിക്കുന്നതും അതിനെ സംരക്ഷിക്കുന്നതും -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.