പനാജി: ഗോവ മാരത്തണിൽ പങ്കെടുത്ത് മണിക്കൂറുകൾക്കകം യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. ബോഗ്മാലോയിൽ താമസിക്കുന്ന ഡോ. മിഥുൻ കുഡാൽക്കറാണ് അന്തരിച്ചത്. ദക്ഷിണ ഗോവയിലെ ചിക്കാലിം ഗ്രാമത്തിലെ സുവാരി നദിക്കരയിൽ വർഷം തോറും നടക്കുന്ന മാരത്തണിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
മകൻ ശാരീരികമായി നല്ല ഫിറ്റായിരുന്നെന്നും വ്യായാമത്തിലൂടെയായിരുന്നു ദിവസം ആരംഭിച്ചിരുന്നതെന്നും മിഥുന്‍റെ പിതാവ് ഡോ.ജ്ഞാനേശ്വർ കുഡൽക്കർ പറഞ്ഞു. കുഴഞ്ഞുവിണപ്പോൾ തന്നെ സി.പി.ആർ നൽകിയെന്നും എന്നാൽ പ്രതികരണമെന്നും ഉണ്ടായില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.
“തനിക്ക് സുഖമില്ലെന്നും വിശ്രമിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവൻ പറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം വിശ്രമച്ചു. അതിന് ശേഷം ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കുടുംബത്തിൽ ഞങ്ങൾ എല്ലാവരും ഡോക്ടർമാരാണ്... അതിനാൽ ഞങ്ങൾ സി.പി.ആർ നൽകാൻ ശ്രമിച്ചു. പക്ഷേ മിഥുൻ അതിനോട് പ്രതികരിച്ചില്ല. ചിക്കലിമിലെ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതം സംഭവിച്ചതായാണ് കരുതുന്നത്” -അദ്ദേഹം കൂട്ടിച്ചേർത്തു.
ഓട്ടത്തിനിടയിലും മിഥുൻ ആരോഗ്യവാനായിരുന്നു. മാരത്തണിൽ പങ്കെടുത്തിരുന്ന ഭാര്യയുടെയും മകന്‍റെയും ചിത്രങ്ങൾ അദ്ദേഹം പകർത്തുന്നത് കണ്ടിരുന്നു. മാരത്തൺ അവസാനിച്ചപ്പോൾ അസിഡിറ്റി അനുഭവപ്പെടുന്നതായി പറഞ്ഞു. എന്നാൽ മെഡിക്കൽ സ്റ്റാഫുകൾ പരിശോധിച്ച ശേഷമാണ് മിഥുൻ വീട്ടിലേക്ക് പോയതെന്ന് സുഹൃത്ത് ജിതേന്ദ്ര ജ്ഞാനി പറഞ്ഞു. ഇരുവരും ഒന്നിച്ച് മറ്റൊരു മാരത്തണും പൂർത്തിയാക്കിയിരുന്നെന്നും മിഥുന്‍റെ വിയോഗം വലിയ ഷോക്ക് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.