ഹരിപ്പാട്: പുറംതിരിഞ്ഞിരുന്ന് ബുള്ളറ്റ് ഓടിച്ച് ഗിന്നസ് ലോക റെക്കോഡിട്ട് മലയാളി സൈനികൻ. ഹരിപ്പാട് കണ്ടല്ലൂർ സ്വദേശി എസ്.എസ്. പ്രദീപാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. ബംഗളൂരുവിൽ കഴിഞ്ഞദിവസം രാവിലെ ആറര മുതൽ വൈകുന്നേരം നാലര വരെ നിർത്താതെ 361.6 കിലോമീറ്റർ പുറംതിരിഞ്ഞ് ഇരുന്ന് ഓടിച്ചാണ് നിലവിലെ ലോക റെക്കോർഡ് തിരുത്തിക്കുറിച്ചത്.
കരസേനയിൽ എ.എസ്.സിയിൽ സുബൈദാർ ആണ് പ്രദീപ്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് പ്രതിനിധികളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. എ.എസ്.സി ടോർണാഡോ ബൈക്ക് റൈഡിങ് സംഘത്തിലെ അംഗമാണ്.
കണ്ടല്ലൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ തീർത്ഥം വീട്ടിൽ ശിവദാസന്റെയും രത്നമ്മയുടെയും മകനാണ്. നിഷാ പ്രദീപ് ആണ് ഭാര്യ. മകൾ : തീർത്ഥ പ്രദീപ്.
ബംഗളൂരുവിൽ നടന്ന പ്രകടനത്തിൽ ആർമി സർവിസ് കോർപ്സ് ടൊർണാഡോസ് മറ്റ് രണ്ട് ലോക റെക്കോഡുകൾ കൂടി കുറിച്ചു. മോട്ടോർ സൈക്കിളിൽ 2.34 കിലോമീറ്റർ ബേസിക് ഹാൻഡ്സ് ഫ്രീ വീലി ചെയ്തുകൊണ്ട് ഹവിൽദാർ മനീഷ് റെക്കോഡിട്ടു. 1.75 കിലോമീറ്റർ നോ-ഹാൻഡ്സ് വീലി ചെയ്തുകൊണ്ട് ശിപായി സുമിത് തോമറും റെക്കോഡിട്ടു. 264ാമത് ആർമി സർവിസ് കോർപ്സ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് അഭ്യാസപ്രകടനങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.