നാഗ്പൂരിലെ ഹിന്ദുത്വ അക്രമം; ‘ഛാവ’ സിനിമയെ കുറ്റപ്പെടുത്തി ദേവേന്ദ്ര ഫട്നാവിസ്; മുൻകൂട്ടി ആസൂത്രണം ചെയ്തത്

മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമങ്ങളിൽ വിക്കി കൗശലിന്‍റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കലാപവും സംഘർഷങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു.

പ്രത്യേക വിഭാഗത്തിന്‍റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇതിനു പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശൽ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘർഷത്തിന് പ്രേരിപ്പിച്ചത്. ജനക്കൂട്ടം അക്രമത്തിൽനിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റു. 10 ആന്‍റി റയട്ട് കമാൻഡോസ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കുണ്ട്. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ച അധികൃതർ നാഗ്പൂരിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

ബി.എൻ.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി നാഗ്പുർ പൊലീസ് കമീഷണർ രവീന്ദർ കുമാർ സിംഗാൾ അറിയിച്ചു. കോട്വാലി, ഗണേഷ്പേട്ട്, തെഹ്സിൽ, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവദ, യശോധരനഗർ, കപിൽനഗർ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്.

സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു.

അക്രമ സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും 300 വർഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തിൽ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാർട്ടികൾ സ്വന്തം നേട്ടങ്ങൾക്കായി മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Devendra Fadnavis blames Chhaava movie for 'anger in people' against Aurangzeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.