കർണാടകയിലെ ബി.ജെ.പി എം.എൽ.എ എസ്.ടി. സോമശേഖർ

രാജ്യസഭ തെരഞ്ഞെടു​പ്പിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.എ കോൺഗ്രസിന് വോട്ടുചെയ്തു?

ബംഗളൂരു: ചൊവ്വാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.എ എസ്.ടി. സോമശേഖർ കോൺഗ്രസിന് വോട്ടുചെയ്തുവെന്ന് റിപ്പോർട്ട്. ബംഗളൂ​രുവിലെ യശ്വന്ത്പൂർ നിയമസഭ മണ്ഡലത്തെയാണ് സോമശേഖർ പ്രതിനിധാനം ചെയ്യുന്നത്.

‘എനിക്ക് വാഗ്ദാനങ്ങൾ തന്നവർക്കാണ് ഞാൻ വോട്ടുചെയ്തത്. എനിക്ക് ഉറപ്പുതന്നവർക്കാണ് എന്റെ വോട്ട് പോയത്’ -രാജ്യസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങിനുശേഷം സോമശേഖർ പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥിക്കാണോ വോട്ട് ചെയ്തത്? എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ അദ്ദേഹം വിധാൻ സൗധയിൽനിന്ന് തിരക്കിട്ട് മടങ്ങുകയായിരുന്നു.

കോൺഗ്രസ് സ്ഥാനാർഥി ജി.സി. ചന്ദ്രശേഖറിനാണ് സേമശേഖർ വോട്ടുചെയ്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സോമശേഖർ ക്രോസ് വോട്ട് ചെയ്തതായി ബി.ജെ.പി വൃത്തങ്ങളും സ്ഥിരീകരിച്ചു. ഇക്കാര്യം പോളിങ് ഏജന്റുമാരായിരുന്ന ബി.ജെ.പി എം.എൽ.എമാർ അരവിന്ദ് ബെല്ലാഡും വി. സുനിൽകുമാറും പ്രതിപക്ഷ നേതാവ് ആർ. അശോകയെയും പാർട്ടി സംസ്ഥാന പ്രസിഡന്റ് ബി.വൈ. യെദ്യൂരപ്പയെയും അറിയിച്ചിട്ടുണ്ട്.

കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം സോമശേഖറിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ബി.​ജെ.പി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്. മതേതരചേരി വിട്ട് ബി.ജെ.പിക്കൊപ്പം കൂടിയ ജനതാദൾ നേതാവ് എച്ച്.ഡി. കുമാരസ്വാമി സോമശേഖറിനെ വിമർശിച്ച് രംഗ​ത്തെത്തി. ‘തന്റെ മണ്ഡലം വികസിപ്പിക്കാനായി വോട്ടുതേടിയ സോമശേഖർ മൂന്നുവർഷം മന്ത്രിയായശേഷം സ്വയം വികസിക്കുകയാണ് ചെയ്തത്’ എന്നായിരുന്നു കുമാരസ്വാമിയുടെ കമന്റ്.

2019ൽ ബി.ജെ.പിയിൽ ചേർന്ന സോമശേഖർ ബി.ജെ.പി സർക്കാറിൽ മന്ത്രിയായിരുന്നു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുമായി അദ്ദേഹം അകലം പാലിച്ചു. തന്നെ ചിലർ പാർട്ടിയിൽ ഒതുക്കുന്നുവെന്നായിരുന്നു ഇതിനുള്ള കാരണമായി നിരത്തിയത്.

എന്നാൽ, ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് പ്രസിഡന്റുമായ ഡി.കെ. ​ശിവകുമാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സോമശേഖർ. സോമശേഖറുമായി തനിക്ക് വർഷങ്ങളുടെ ബന്ധമാണെന്ന് ഡി.കെ. ​ശിവകുമാർ പറഞ്ഞിരുന്നു. സോമശേഖറാവട്ടെ, ഡി.കെ തന്റെ ഗോഡ്ഫാദറാണെന്ന പ്രതികരണവും നടത്തിയിരുന്നു. ഈയിടെ നടന്ന എം.എൽ.സി തെരഞ്ഞെടുപ്പിൽ ബി.ജെ.പി എം.എൽ.എ പിന്തു​ണച്ചത് കോൺഗ്രസ് സ്ഥാനാർഥിയെ ആയിരുന്നു.

Tags:    
News Summary - Did Karnataka BJP MLA vote for Congress candidate in RS polls?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.