പണരഹിത സമ്പദ്വ്യവസ്ഥ പ്രായോഗികമോ?

നോട്ട് നിരോധനത്തിന്‍െറ പശ്ചാത്തലത്തില്‍ പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് രാഷ്ട്രം മാറണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുതന്നെ ഇത് സാധ്യമാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ അത്രയും  അപ്രായോഗികമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളും മറ്റും കണക്കിലെടുക്കുമ്പോള്‍ ‘കാഷ്ലെസ് ഇക്കോണമി’യിലേക്കുള്ള പൂര്‍ണമായ മാറ്റം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. ഇന്ത്യയുടെ ടെലിഫോണ്‍ സാന്ദ്രത 83 ശതമാനമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബിഹാര്‍, അസം, മധ്യപ്രദേശ്, യു.പി എന്നിവിടങ്ങളില്‍ ഇത് 70 ശതമാനത്തില്‍ താഴെയാണ്. പല ആളുകളും ഒന്നില്‍കുടുതല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ്. അപ്പോള്‍ സാന്ദ്രത പിന്നെയും കുറയും. കോടിക്കണക്കിന് ആളുകളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരിക്കെ, എങ്ങനെയാണ് ഇതുവഴി പണമിടപാട് നടത്താനാവുക?
ഇന്‍റര്‍നെറ്റ് കണക്ഷനോടു കൂടിയ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം രാജ്യത്ത് കുറവാണ്. കഴിഞ്ഞ മാര്‍ച്ചുവരെയുള്ള കണക്കു പ്രകാരം മൊബൈല്‍ ഫോണ്‍  വഴി ഇന്‍റര്‍നെറ്റ്  ഉപയോഗിക്കുന്നത് 34 കോടി ജനങ്ങളാണ്. ഇതില്‍ പകുതിപേര്‍ക്ക് മാത്രമാണ് ത്രീ ജി കണക്ഷന്‍ സര്‍വിസ് ഉള്ളത്.

മുകളില്‍ പറഞ്ഞ കണക്ഷനുകളില്‍ ദിവസവും ഓണ്‍ലൈനില്‍ വരുന്നവരുടെ എണ്ണം പിന്നെയും കുറയുന്നു. ഫേസ്ബുക് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്ത് 17 കോടി ആളുകളാണ് പ്രതിമാസം ഫേസ്ബുക് ലോഗ് ഓണ്‍ ചെയ്യുന്നത്. ഇതിനുപുറമെ, മികച്ചതും വിശ്വസ്തവും വിലകുറഞ്ഞതുമായ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ ഗ്രാമീണ ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമല്ല.

ഇനി എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചാല്‍പോലും എളുപ്പത്തില്‍ നടപ്പാക്കാനുമാകില്ല. നിലവില്‍ രാജ്യത്ത് 85 കോടി സ്മാര്‍ട് ഫോണുകള്‍ മാത്രമാണുള്ളത്. 40 കോടി സ്മാര്‍ട് ഫോണുകളെങ്കിലും അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്.

ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തിലുമുണ്ട് ഈ അന്തരം. രാജ്യത്ത് ആകെ 71 കോടി ഡെബിറ്റ് കാര്‍ഡുകളാണുള്ളത്. ഇതില്‍ നടന്ന ഇടപാടുകളാകട്ടെ 13 കോടിയും. അഥവാ, നൂറ് കാര്‍ഡിന് 18 പണമിടപാടുകള്‍. ഇന്ത്യയിലെ ബാങ്കുകളിലാകെ ഒന്നര ദശലക്ഷം ഡിജിറ്റല്‍ ക്യാഷ് രജിസ്റ്ററുകള്‍ മാത്രമാണുള്ളതെന്നത് മറ്റൊരു പരിമിതിയാണ്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പത്തു ലക്ഷം പേര്‍ക്ക്  32,000ലധികം രജിസ്റ്ററുണ്ട്. അഥവാ, അടിയന്തരമായി 15 ലക്ഷം രജിസ്റ്റുകളെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യണം.

മോശം കണക്ഷന്‍ കാരണം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇടക്കുവെച്ച് മുറിയുന്നു. ഇനിയും കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത. മാത്രമല്ല, ഇടപാടിന് എടുക്കുന്ന കൂടുതല്‍ സമയവും സൈബര്‍ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളും ആളുകളെ ഓണ്‍ലൈന്‍ ഇടപാടില്‍നിന്ന് അകറ്റിനിര്‍ത്തുന്നു.
മൊബൈല്‍ ഫോണ്‍ വഴിയുള്ള പണമിടപാടിന് ഭാഷയും ഒരു വിലങ്ങുതടിയാണ്. ഗ്രാമീണ ഇന്ത്യയില്‍ മാതൃഭാഷമാത്രം വശമുള്ളവരാണ് ഭൂരിഭാഗവും. ഇതുകൂടാതെ, ഓണ്‍ലൈന്‍ പണമിടപാടിന്  ഈടാക്കുന്ന സര്‍വിസ് ചാര്‍ജും ഭാരിച്ചതാണ്.

 

Tags:    
News Summary - didital wallet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.