ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പ്രതി അതിജീവിതയെ വിവാഹം ചെയ്യുകയും, കേസ് ഒത്തുതീർന്ന ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്ന രീതി വർധിക്കുന്നുവെന്ന് ഡൽഹി ഹൈകോടതി. ഈയൊരു രീതി ഉയർന്നുവരുന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ ചൂണ്ടിക്കാട്ടി. പോക്സോ കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
'നിരവധി ബലാത്സംഗക്കേസുകളിൽ ഇതുപോലെ പ്രതി വിവാഹത്തിന് തയാറാകുന്നുണ്ട്. പ്രത്യേകിച്ചും പെൺകുട്ടി ഗർഭിണിയാകുന്ന കേസുകളിൽ. എന്നാൽ, വിവാഹത്തിന് പിന്നാലെ കേസ് പിൻവലിക്കപ്പെടുന്നതോടെ പ്രതി പെൺകുട്ടിയെ ഉപേക്ഷിക്കുന്ന രീതിയാണ് പലപ്പോഴും കണ്ടുവരുന്നത്' -ജഡ്ജ് പറഞ്ഞു.
17കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ് റദ്ദാക്കണമെന്ന 20കാരന്‍റെ ഹരജിയാണ് കോടതി തള്ളിയത്. ട്യൂഷൻ ക്ലാസിനിടെ പരിചയപ്പെട്ട 20കാരനാണ് പെൺകുട്ടിയെ മദ്യം നൽകി മയക്കി ബലാത്സംഗം ചെയ്തത്. പിന്നീട് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ബലാത്സംഗത്തിനിരയാക്കി. ഗർഭിണിയായതോടെയാണ് കുട്ടി വീട്ടുകാരെ വിവരമറിയിച്ചത്. ഇതോടെ പ്രതിയായ യുവാവ് വീട്ടുകാരെ ഭീഷണിപ്പെടുത്തി വിവാഹത്തിനുള്ള രേഖകൾ ഒപ്പിട്ടുവാങ്ങി. പിന്നാലെ പെൺകുട്ടിക്കൊപ്പം വാടകവീട്ടിൽ താമസവും തുടങ്ങി.
തുടർന്നാണ് എഫ്.ഐ.ആർ റദ്ദാക്കാനുള്ള ഹരജി നൽകിയത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്നും ഹരജിക്കാരൻ വാദിച്ചു. എന്നാൽ, ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പെൺകുട്ടി മൊഴിനൽകിയത് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.