ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ യുവഡോക്ടറെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പരാധീനതകളും വായ്പാ തിരിച്ചടവുകൾ മുടങ്ങിയതുമാണ് 44കാരനായ ഡോക്ടർ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.
സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജിൽ പ്രഫസറായ ഡേ. വിനോദ് വിശ്വകർമയാണ് മരിച്ചത്. ഭാര്യ മമത ജോലിക്ക് പോയതിന് ശേഷം 11ഉം 13ഉം വയസായ കുട്ടികളുടെ മുടി വെട്ടിയ ശേഷം ബാത്ത്റൂമിൽ കയറിയ അദ്ദേഹം പുറത്തിറങ്ങിയില്ല.
മമത തിരിച്ചെത്തി വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് അയൽവാസികളെ വിളിച്ച് വരുത്തുകയായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോയാണ് അദ്ദേഹത്തെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
'പ്രഥമ ദൃഷ്ട്യാ ഇത് ഒരു ആത്മഹത്യയാണ്. കഴുത്തറുക്കാൻ ഉപയോഗിച്ച ബ്ലേഡ് കണ്ടെത്തിയിട്ടുണ്ട്' -പൊലീസ് സൂപ്രണ്ടായ സിദ്ധാർഥ ബഹുഗുണ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
വായ്പാ തവണയും നികുതി അടവും മുടങ്ങിയതുമായി ബന്ധപ്പെട്ട് വിശ്വകർമ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ മനസിലാക്കി. ഇതായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.