ന്യൂഡൽഹി: ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധനസമ്പാദനം എന്താണെന്ന് രാഹുൽ ഗാന്ധിക്ക് മനസിലാക്കാനാകുമോയെന്ന് നിർമല ചോദിച്ചു. രാജ്യത്തിന്‍റെ വിഭവങ്ങൾ കൈക്കൂലി വാങ്ങി വിറ്റുതുലച്ചത് കോൺഗ്രസാണെന്നും മന്ത്രി പറഞ്ഞു.
പൊതുസ്വത്ത് കുത്തകകൾക്ക് കൈമാറി നാലു വർഷം കൊണ്ട് ആറുലക്ഷം കോടി രൂപ സമാഹരിക്കാൻ മോദിസർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ കടുത്ത
വിമർശനമുയർത്തിയിരുന്നു. 70 കൊല്ലമായി രാജ്യത്ത് ഒരു വികസനവുമില്ലെന്ന് പറയുന്നവർ തന്നെ രാജ്യത്തിന്‍റെ 70 കൊല്ലത്തെ ആസ്തികൾ വിൽക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
''റെയിൽവേ, വാതക പൈപ്പ്ലൈൻ, വൈദ്യുതി ലൈനുകൾ, ദേശീയപാതകൾ തുടങ്ങി നിർണായക മേഖലകൾ പതിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. എന്നാൽ, യുക്തിസഹമായ സ്വകാര്യവത്കരണമാണ് കോൺഗ്രസ് നടത്തിയത്. നഷ്ടത്തിലോടുന്ന, വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താത്ത സ്ഥാപനങ്ങളാണ് കോൺഗ്രസ് സ്വകാര്യവത്കരിച്ചത്. സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ തൊട്ടില്ല.
ചങ്ങാതികളായ മൂന്നോ നാലോ വ്യവസായികെള കൊഴുപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിനകം ചില വിമാനത്താവളവും തുറമുഖവുമൊക്ക ആരുടെ കൈയിലേക്കാണ് പോയതെന്ന് എല്ലാവർക്കുമറിയാം. അവർക്കു തന്നെ വീണ്ടും തീറെഴുതുകയാണ്. ദേശീയ ധനസമാഹരണ പരിപാടി വ്യവസായികൾക്കുള്ള സൗജന്യ സമ്മാനമാണ്. വിൽപനക്കു വെക്കുന്ന മേഖലകളിലെ തൊഴിലവസരങ്ങൾ യുവാക്കൾക്ക് നഷ്ടപ്പെടും. യുവജനങ്ങൾക്ക് പണി നൽകുന്നത് കോർപറേറ്റുകളുടെ ഉത്തരവാദിത്തമല്ല. അനൗപചാരിക മേഖലയേയും ഇല്ലാതാക്കും'' -രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.