ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം ഇപ്പോൾ തന്നെ അപകടത്തിലാണെന്നും 'റഷ്യൻ ഗുലാഗി'ലാണ് നമ്മൾ താമസിക്കുന്നതെന്ന് തോന്നിപ്പിക്കരുതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്‌ത്ര എം.പി. തനിക്ക് സുരക്ഷ നൽകാനെന്ന പേരിൽ വീടിന് മുന്നിൽ മൂന്ന് പൊലീസുകാരെ വിന്യസിച്ച നടപടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
''എന്നെ സംരക്ഷിക്കാൻ മാത്രമായി വിഭവങ്ങൾ പാഴാക്കരുത്. എല്ലാവരേയും സംരക്ഷിക്കുക. എനിക്ക് പ്രത്യേകമായി ഒന്നും ആവശ്യമില്ല. ഞാൻ സുരക്ഷ ആവശ്യപ്പെടുന്നില്ല. നിങ്ങൾക്ക് എന്നെ നിരീക്ഷിക്കണമെന്നുണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി, എല്ലാം ഞാൻ പറഞ്ഞുതരാം. ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ തന്നെ അപകടത്തിലാണ്. റഷ്യൻ ഗുലാഗിലാണ് നമ്മൾ താമസിക്കുന്നതെന്ന് തോന്നിപ്പിക്കരുത്' -മെഹുവ മൊയ്‌ത്ര പറഞ്ഞു.
(റഷ്യയിൽ സർക്കാർ നിയന്ത്രണത്തിൽ നടത്തിയിരുന്ന നിർബന്ധിത തൊഴിലാളി ക്യാമ്പുകളാണ് 'ഗുലാഗ്'. ഇൗ ക്യാമ്പുകളിൽ വ്യക്തികൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലായിരുന്നു.)
തനിക്ക് സംരക്ഷണം നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മെഹുവ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുരക്ഷക്കല്ല, തന്നെ നിരീക്ഷിക്കുന്നതിനാണ് ഉദ്യോഗസ്ഥെര വിന്യസിച്ചതെന്നും അവർ പറഞ്ഞു. വീട്ടിനുമുന്നിൽനിന്ന് പൊലീസിനെ ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിന് കത്തയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.