മുസഫർപുർ: മസ്തിഷ്ക ജ്വരം ബാധിച്ച് ബിഹാറിലെ മുസഫർപുരിലെ ആശുപത്രിയിൽ മൂന്നു ക ുഞ്ഞുങ്ങൾകൂടി ജീവൻവെടിഞ്ഞതോടെ മരണസംഖ്യ 118 ആയി. ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ രണ് ടും കെജ്രിവാൾ ആശുപത്രിയിൽ ഒരു മരണവുമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്.
അതിനിടെ, യു.പിയിലെ ശിശുരോഗ വിദഗ്ധനായ കഫീൽഖാൻ വൈദ്യസേവനത്തിന് സ്വയം സന്നദ്ധനായി മുസഫർപുരിൽ എത്തി. ഗോരഖ്പുരിലെ ആശുപത്രിയിൽ ജപ്പാനീസ് എൻെസഫലൈറ്റിസ് ബാധിച്ച് നിരവധി കുട്ടികൾ മരണമടഞ്ഞ സംഭവത്തോടു ബന്ധപ്പെടുത്തി സസ്പെൻറ് ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ ഖാനെ ജയിലിൽ അടച്ചിരുന്നു. എട്ടു മാസത്തെ ജയിൽ വാസത്തിനൊടുവിൽ അലഹബാദ് ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ‘എല്ലാവർക്കും ആരോഗ്യം’ എന്ന കാമ്പയിന് കഫീൽഖാൻ തുടക്കം കുറിച്ചിരുന്നു.
ബിഹാറിൽ എത്തിയ അദ്ദേഹം രോഗികൾക്ക് സൗജന്യ വൈദ്യപരിചരണം ലഭ്യമാക്കുന്നതിനായി മുസഫർപുർ ജില്ലയിലെ ദാമോദർപുർ ഗ്രാമത്തിൽ ക്യാമ്പ് തുറന്നു. മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന വിഡിയോകൾ തെൻറ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട് ഡോ. ഖാൻ. ‘ഞങ്ങൾ ഇവിടെയുള്ള ആശുപത്രിയിൽ ജോലിചെയ്യുകയോ രോഗികളെ ചികിത്സിക്കുകയോ ചെയ്യുകയല്ല. മറിച്ച്, കടുത്ത തോതിൽ രോഗം ബാധിച്ച മേഖലയിലൂടെ യാത്ര ചെയ്യുകയാണ്. അവിടങ്ങളിലെ രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധിച്ച് ഏറ്റവും വേഗത്തിൽ പരിശോധനക്ക് നിർദേശിക്കുകയും ചെയ്യുന്നു - ഹഫ്പോസ്റ്റ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രോഗബാധിതരായ നിരവധി കുഞ്ഞുങ്ങളെ ഇവർ പരിശോധനക്ക് വിധേയമാക്കിയെന്നും അതിനാൽ മരണസംഖ്യ ഔദ്യോഗിക കണക്കിനേക്കാൾ കൂടുതലാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പുരിൽ കുഞ്ഞുങ്ങളെ ബാധിച്ചത് ജാപ്പനീസ് എൻെസഫലൈറ്റിസ് വൈറസ് ആണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ, മുസഫർപുരിലേത് ഏതുതരം വൈറസ് ആണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ദാരിദ്ര്യം, ശുദ്ധജലത്തിെൻറ അഭാവം, പോഷകാഹാരക്കുറവ്, കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നത് തുടങ്ങിയ ജീവിത സാഹചര്യങ്ങൾ രോഗവ്യാപനത്തിന് കാരണമാവുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.