പുണെ: ചാരവൃത്തി കേസിൽ മേയ് മൂന്നിന് അറസ്റ്റിലായ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ മിസൈൽ, ഡ്രോൺ, റോബോട്ടിക്സ് പദ്ധതികൾ എന്നിവ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങൾ പാക് വനിതക്ക് ചോർത്തി നൽകിയതായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡിന്റെ വെളിപ്പെടുത്തൽ. പാക് ഇന്റലിജൻസുമായി ബന്ധമുള്ള വനിതക്കാണ് പ്രദീപ് കുരുൽകർ വിവരങ്ങൾ ചോർത്തിയത്. കേസി കുറ്റപത്രം മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിലാണ് പ്രദീപ് കുരുൽകർ പാക് വനിതയുമായി നടത്തിയ സംഭാഷണങ്ങളിലെ തന്ത്രപ്രധാന വിവരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ഡി.ആർ.ഡി.ഒയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടറായിരുന്നു 60 കാരനായ കുരുൽകർ. സാറ ദാസ് ഗുപ്ത എന്ന സമൂഹ മാധ്യമ അക്കൗണ്ടിൽ നടത്തിയ ചാറ്റ് വഴിയാണ് ഇദ്ദേഹം രഹസ്യങ്ങൾ കൈമാറിയത്.
സാറ ദാസുമായി കുരുൽകർ വാട്സ് ആപ് വഴിയും ചാറ്റ് നടത്തിയിരുന്നു. വിഡിയോ കോളുകളുടെയും സന്ദേശങ്ങളടക്കമുള്ള വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. യു.കെയിലെ സോഫ്റ്റ് വെയർ എൻജിനീയറായാണ് ചാരവനിത പരിചയപ്പെടുത്തിയത്. ഇവർ കുരുൽകർക്ക് അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചിരുന്നു. അന്വേഷണത്തിൽ അവരുടെ ഐ.പി അഡ്രസ് പാകിസ്താനിൽ നിന്നാണെന്ന് കണ്ടെത്തി.
ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനും നീക്കം നടന്നിരുന്നു. വിവരങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തിയാണ് സാറക്ക് കൈമാറിയതെന്നും കുറ്റപത്രത്തിലുണ്ട്. 2022 ജൂൺ മുതൽ ഡിസംബർ വരെയാണ് ഇവർ തമ്മിൽ ചാറ്റുകൾ നടന്നത്.
കുരുൽകറുമായി ബന്ധപ്പെടാൻ പാക് വനിത നിരവധി പേരിൽ വ്യാജ സമൂഹ മാധ്യമഅക്കൗണ്ടുകൾ നിർമിച്ചിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. അതിലൊന്നാണ് സാറ ദാസ് ഗുപ്ത എന്ന പേര്. മറ്റൊന്ന് ജൂഹി അറോറ എന്നാണ്. ചാറ്റുകളിലൊന്നിൽ അഗ്നി-6 മിസൈലിനെ കുറിച്ചും എപ്പോഴാണ് അത് വിക്ഷേപിക്കുകയെന്നും സാറ ചോദിക്കുന്നുണ്ട്. ക്ഷമയോടെ കാത്തിരിക്കുക ഉടൻ ഉണ്ടാകുമെന്നായിരുന്നു കുരുൽകറുടെ മറുപടി. നിലവിൽ കുരുൽകർ പുണെയിലെ യാർവാദ ജയിലിൽ കഴിയുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി 203 ദൃക്സാക്ഷികളെയാണ് എ.ടി.എസ് വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.