മയക്കുമരുന്ന് കേസ്: അന്വേഷണത്തോട് സഹകരിക്കാതെ നടി രാഗിണി ദ്വിവേദി

ബംഗളൂരു: മയക്കുമരുന്ന് കേസിൽ അന്വേഷണത്തോട് പൂർണമായും സഹകരിക്കാതെ നടി രാഗിണി ദ്വിവേദി. നിശാപാർട്ടികളിൽ പങ്കെടുത്തെന്നതല്ലാതെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് നടിയെന്ന് അന്വേഷണ സംഘം പറയുന്നു. ബംഗളൂരു നിംഹാൻസിലെ വനിതാഹോമിൽ പാർപ്പിച്ച നടിയെ സി.സി.ബിയിലെ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച നടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ സിഗരറ്റുകൾ കണ്ടെടുത്തിരുന്നു. ഇവയുടെ ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

സിനിമ താരങ്ങളടക്കം പങ്കെടുത്തിരുന്ന നിശാപാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രവിശങ്കറുമായി നടിക്കുള്ള ബന്ധത്തെകുറിച്ച വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. രവിശങ്കറിൻെറ മൊഴിയും ഇയാളിൽനിന്ന് പിടിച്ചെടുത്ത രേഖകളും നിർണായകമാവും.

കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സി.സി.ബി രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ 12 പ്രതികളാണുള്ളത്. ഒന്നാം പ്രതി ശിവപ്രകാശ് നടി രാഗിണി ദ്വിവേദിയുടെ മുൻ സുഹൃത്താണെന്നും ബംഗളൂരുവിലെ പ്രാന്തപ്രദേശങ്ങളിലെ ഫാംഹൗസുകളിൽ നിശാപാർട്ടികളിൽ ഇരുവരും പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ഇപ്പോഴത്തെ സുഹൃത്തായ രവിശങ്കറും ശിവപ്രകാശും 2019 മാർച്ചിൽ ബംഗളൂരു അശോക് നഗറിലെ ഹോട്ടലിൽ നടിയുടെ സാന്നിധ്യത്തിൽ അടിപിടി നടന്നതായി പൊലീസ് കേസുണ്ട്.

ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി നിശാപാർട്ടികൾ സംഘടിപ്പിച്ചിരുന്ന മൂന്നാം പ്രതി വിരേൻ ഖന്നക്ക് രണ്ടു വർഷം മുമ്പ് നടി രാഗിണിയെ പരിചയപ്പെടുത്തിയത് രവിശങ്കറാണ്. തുടർന്ന് ഇയാളുടെ പാർട്ടികളിൽ രവിശങ്കറും രാഗിണിയും ഒന്നിച്ച് പങ്കെടുത്തിരുന്നു. പ്രതിപ്പട്ടികയിലുള്ളള ആദിത്യ ആൽവയുമായും വിരേൻ ഖന്നക്ക് പരിചയമുണ്ടെന്നും അദ്ദേഹത്തിൻെറ പാർട്ടികളിൽ ആദിത്യ പങ്കെടുത്തിരുന്നതായി സംശയിക്കുന്നതായും സി.സി.ബി പറഞ്ഞു.

അതേസമയം, അറസ്റ്റിലായ രാഹുലിൻെറ സുഹൃത്തായ നടി സഞ്ജന ഗൽറാണിയോട് ചോദ്യം െചയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. മറ്റൊരു നടി നിവേദിതക്കും നോട്ടീസ് നൽകിയതായി അറിയുന്നു. കഞ്ചാവ് ഒൗഷധമാണെന്നും മദ്യത്തെക്കാളും സിഗററ്റിെനക്കാളും മെച്ചപ്പെട്ടതാണെന്നും പ്രസ്താവന നടത്തി വിവാദത്തിലായ നടിയാണ് നിവേദിത.

മയക്കുമരുന്ന് വിതരണത്തിനായി നിശാപാർട്ടികൾ സംഘടിപ്പിക്കുന്നവർ, പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ഇവർക്ക് മരുന്ന് എത്തിക്കുന്നവർ എന്നീ മൂന്ന് വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് സി.സി.ബി അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായ ൈനജീരിയൻ സ്വദേശി സാംബ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിൻെറ ഏജൻറാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് ബിറ്റ്കോയിൻ ഇടപാടിലൂടെ  വ്യാപാരം നിയന്ത്രിക്കുന്ന ഇതേസംഘം തന്നെ ഗോവ, മുംബൈ, ഡൽഹി അടക്കം നഗരങ്ങളിലും മയക്കുമരുന്ന് എത്തിച്ചതായാണ് വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.