ഛണ്ഡിഗഢ്: മയക്കുമരുന്ന് കടത്തുകാരുടെ വെടിയേറ്റ് പഞ്ചാബിൽ രണ്ട് എ.എസ്.ഐമാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ജാഗോൺ മാർക്കറ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്.
സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവാക്കൾക്ക് നേരെയും മയക്കുമരുന്നുമായെത്തിയ സംഘം വെടിയുതിർത്തു. എന്നാൽ യുവാക്കളിൽ ആർക്കും പരിക്കേറ്റിട്ടില്ല. എ.എസ്.ഐ ഭഗവാൻ സിങ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ജാഗോൺ ഡി.സി.പി ജതീന്ദർജിത് സിങ് പറഞ്ഞു. മറ്റൊരു പൊലീസുകാരനായ ദൽവീന്ദർ സിങ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. ഇരുവരും സംസ്ഥാന കുറ്റാന്വേഷണ ഏജൻസിയിലെ ജീവനക്കാരായിരുന്നു.
കുറ്റവാളികളുടെ ചിത്രങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞതായി ലുധിയാന റൂറൽ സീനിയർ സുപ്രണ്ട് ചരൺജിത് സിങ് സോഹ പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അദ്ദേഹം അറിയിച്ചു. പൊലീസുകാർക്ക് നേരെ നടന്ന അക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ധീരരായ രണ്ട് പൊലീസ് ഓഫീസർമാർ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണ്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടും. പൊലീസ് ഓഫീസർമാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അമരീന്ദർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.