ന്യൂഡൽഹി: സി.എ.എ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയിൽ ഹരജി നൽകി. സി.എ.എ ചോദ്യം ചെയ്തുള്ള ഹരജികൾ നിലനിൽക്കുന്നതിനാൽ പുതിയ ചട്ടം മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
നിയമപോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ നിയമജ്ഞരുമായി കൂടിക്കാഴ്ച നടത്തിയതായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹീം എം.പി പറഞ്ഞു.
നിലവിൽ 250ൽ കൂടുതൽ ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ ചട്ടങ്ങൾ പുറത്തിറക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഹരജിയിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പുതിയ ചട്ടങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗും സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പെട്ടെന്ന് യാതൊരു നടപടിയും ഉണ്ടാവില്ലെന്നാണ് സർക്കാർ അന്ന് സുപ്രിംകോടതിയെ അറിയിച്ചത്. ഇത് ലംഘിച്ചാണ് ഇപ്പോൾ പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. സമാന മനസ്‌കരുമായി ചേർന്ന് ഇതിനെതിരെ പോരാടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.