ഛണ്ഡീഗർ: അനധികൃത മണൽ ഖനനമടക്കമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിങ് ഹണിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു.
അനധികൃത മണൽ ഖനനം വഴി പണം വെളുപ്പിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ഭൂപീന്ദർ സിങ് ഹണിയെന്ന് സാമ്പത്തിക അന്വേഷണ ഏജൻസി ആരോപിച്ചു. ഭൂപീന്ദറിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെ 10 കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥർ നേരത്തെ കണ്ടെടുത്തിരുന്നു. മൊബൈൽ അടക്കം അനധികൃത ഡിജിറ്റൽ ഉപകരണങ്ങളും ഭൂപീന്ദറിൽനിന്ന് കണ്ടെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.
കുദറത്ദീപ് സിങ്ങിന്റെ മാലിക്പൂരിലുള്ള ഖനിയുടെ ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പേപ്പറുകളും കൈയെഴുത്ത് പണമിടപാടുകൾ അടങ്ങിയ പേജുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. പഞ്ചാബ് സ്വദേശിയായ കുദറത്ദീപ് സിങ് സംസ്ഥാനത്ത് പലയിടത്തും അനധികൃത മണൽ ഖനനത്തിൽ ഏർപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
2017ൽ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തൊട്ടടുത്ത വർഷം പ്രൊവൈഡേഴ്‌സ് ഓവർസീസ് കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. സ്ഥാപനത്തിൽ കുദറത്ദീപ് സിങ് ഓഹരിയുടമയായിരുന്നു. ഭൂപീന്ദർ സിങ് ഹണിയെയും അസോസിയേറ്റായ സന്ദീപ് കുമാറിനെയും ഡയറക്ടർമാരായി നിയമിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂവർക്കും കമ്പനിയിൽ 33.33 ശതമാനം ഓഹരിയാണുള്ളതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.