ബംഗളൂരു: വിദ്യാഭ്യാസമന്ത്രി കന്നഡ സംസാരിക്കാത്തത് ചോദ്യം ചെയ്ത വിദ്യാർഥിക്കെതിരെ നടപടിക്ക് ശിപാർശ. വിധാൻ സൗധയിൽ ബുധനാഴ്ച നടന്ന ഓൺലൈൻ കൂടിക്കാഴ്ചക്കിടെയാണ് സംഭവം. നീറ്റ്, ജെ.ഇ.ഇ പോലുള്ള മത്സരപരീക്ഷകൾക്ക് 25000 വിദ്യാർഥികൾക്ക് ഓൺലൈൻ വഴി സൗജന്യ പരിശീലനം നൽകുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ. എന്നാൽ വിദ്യാർഥി കന്നഡയിൽ സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു വിദ്യാർഥി ചോദിച്ചു. പ്രകോപിതനായ മന്ത്രി വിദ്യാർഥിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മന്ത്രി വിഡിയോ കോൺഫറൻസ് വഴി വിദ്യാർഥികളുമായി സംവദിക്കവെയാണ് വിദ്യാഭ്യാസമന്ത്രിക്ക് കന്നഡ അറിയില്ലേ എന്ന ചോദ്യം ഉയർന്നത്. ഉടൻ തന്നെ പ്രകോപിതനായ മന്ത്രി എന്ത്? ആരാണത്? പിന്നെ ഞാൻ ഉർദുവിലാണോ സംസാരിക്കുന്നത് എന്ന് ചോദിച്ചു.
'ഞാൻ പിന്നെ ഉറുദുവിലാണോ സംസാരിക്കുന്നത്? എനിക്ക് കന്നഡ അറിയില്ലെന്ന് ആരാണ് പറഞ്ഞത്. അത് റെക്കോർഡ് ചെയ്യുക. അവർക്കെതിരെ നടപടിയെടുക്കുക. ഇത് വളരെ ഗൗരവമായി കാണണം. അധ്യാപകരോടും ബ്ലോക്ക് എജ്യൂക്കേഷൻ ഓഫിസറോട് പറയണം. ഞാൻ മിണ്ടാതിരിക്കില്ല.'-വിദ്യാർഥിയുടെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിദ്യാർഥിക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ട്. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തുവന്നിട്ടുണ്ട്.
കന്നഡ അറിയില്ലെന്ന് മധു ബംഗാരപ്പക്ക് പൊതുജനമധ്യത്തിൽ തുറന്നുസമ്മതിക്കാൻ ഭയമാണോ എന്നായിരുന്നു കേന്ദ്രമന്ത്രിയും കർണാടക എം.പിയുമായ പ്രഹ്ലാദ് ജോഷിയുടെ ചോദ്യം. മന്ത്രിയെ ഇക്കാര്യം ഓർമപ്പെടുത്തിയ വിദ്യാർഥിയെ ശിക്ഷിക്കുന്നത് എന്തിനാണെന്നും എന്താണിവർ അവിടെ നേടാൻ ഉദ്ദേശിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.