മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പൂർത്തിയായതിനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഭിന്നത ഉടലെടുക്കുന്നതായി റിപ്പോർട്ട്. എക്സിറ്റ് പോൾ പ്രവചനം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെയും ശിവസേന (ഉദ്ധവ് താക്കറെ) എം.പി സഞ്ജയ് റാവുത്തും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നതോടെയാണ് ഭിന്നതയുണ്ടെന്ന അഭ്യൂഹം ശക്തമായത്. എക്സിറ്റ് പോളിനെ തള്ളിയ ഇരു കക്ഷികളും മഹാവികാസ് അഘാഡി (എം.വി.എ) സംസ്ഥാനത്ത് സർക്കാർ രൂപവത്കരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ബി.ജെ.പി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഇതിനെ തള്ളിയ നാന പടോലെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ എം.വി.എ സർക്കാർ രൂപവത്കരിക്കുമെന്നാണ് പ്രതികരിച്ചത്. എന്നാൽ കോൺഗ്രസാണോ നേതൃത്വം നൽകേണ്ടതെന്ന കാര്യം ഒരുമിച്ച് കൂടി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു റാവുത്തിന്‍റെ മറുപടി. കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണോ എന്നത് തീരുമാനിക്കുന്നത് ഹൈകമാൻഡാണെന്നും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ നേതാക്കളാരെങ്കിലും പ്രഖ്യാപിച്ചാലേ ഇക്കാര്യം നടക്കൂ എന്നും റാവുത്ത് പറഞ്ഞു.
നേരത്തെ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തിലും എം.വി.എ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നു. പിന്നീട് ദേശീയ നേതാക്കൾ ഇടപെട്ടാണ് ഇക്കാര്യത്തിൽ ധാരണ വരുത്തിയത്. 85 വീതം സീറ്റുകളിലാണ് കോൺഗ്രസും ശിവസേനയും (ഉദ്ധവ്), എൻ.സി.പിയും (ശരദ് പവാർ) മത്സരിച്ചത്. ശേഷിച്ച സീറ്റുകളിൽ സഖ്യത്തിലെ ചെറുപാർട്ടികളും മത്സരിച്ചു. 288 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ച ഒറ്റ ഘട്ടമായാണ് നടന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.