പുണ: 300 കോടിയുടെ ബിറ കോയിൻ സ്വന്തമാക്കാൻ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസുകാരനുൾപ്പെടെ എട്ടുപേർ പിടിയിൽ. പുണെയിലെ പിംപ്രി ചിഞ്ച്വാദിലാണ് സംഭവം. ഷെയർ മാർക്കറ്റ് വ്യാപാരിയായ വിനയ് നായിക്കിനെയാണ് തട്ടിക്കൊണ്ടുപോയത്.
അന്വേഷണത്തിൽ പൊലീസ് കോൺസ്റ്റബിളായ ദിലീപ് തുക്കാറാം ഖണ്ഡാരെ, സുനിൽ റാം ഷിൻഡെ, വസന്ത് ശ്യാംറാവു ചവാൻ, ഫ്രാൻസിസ് തിമോത്തി ഡിസൂസ, മയൂർ മഹേന്ദ്ര ഷിർക്കെ, പ്രദീപ് കാശിനാഥ് കേറ്റ്, നിക്കോ രാജേഷ് ബൻസാൽ, ഷിരിഷ് ചന്ദ്രകാന്ത് ഖോട്ട് എന്നിവരാണ് അറസ്റ്റിലായത്.
ദിലീപ് തുക്കാറാം പുണെ സൈബർ ക്രൈം സെല്ലിൽ ജോലി ചെയ്യുമ്പോഴാണ് ഷെയർ മാർക്കറ്റ് വ്യാപാരിയായ വിനയ് നായിക്കിന്റെ കൈവശം 300 കോടി രൂപയുടെ ബിറ്റ്‌കോയിൻ ക്രിപ്റ്റോ കറൻസി ഉണ്ടെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ഇയാളെ തട്ടിക്കൊണ്ടുപോകാൻ മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആനന്ദ് ഭോയിറ്റ് പറഞ്ഞു.
ജനുവരി 14 ന് പ്രതികൾ ചേർന്ന് വിനയ് നായിക്കിനെ ഒരു ഹോട്ടലിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളെ കാണാനില്ലെന്ന് സുഹൃത്ത് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതറിഞ്ഞ പ്രതികൾ യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
തന്നെ തട്ടിക്കൊണ്ടുപോയത് ബിറ്റ്‌കോയിനുകൾക്കാണെന്ന് ഇയാൾ പിന്നീട് പൊലീസിന് മൊഴി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.