ന്യൂഡൽഹി: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽനിന്ന് വ്യക്തിവിവരങ്ങൾ ചോർന്ന പരാതി ഉയർന്ന സാഹചര്യത്തിൽ അവരുമായുള്ള ബന്ധം തുടരുന്ന കാര്യം പുനഃപരിശോധിച്ചേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി.റാവത്ത് പറഞ്ഞു. പ്രമുഖ ദേശീയ ദിനപത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കമീഷെൻറ അടുത്ത യോഗത്തിൽ ഇത് ചർച്ചയാകും.
തെരഞ്ഞെടുപ്പ്, വോട്ടിങ് സംബന്ധമായ കാര്യങ്ങളിൽ യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ പല ഘട്ടങ്ങളിലും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ‘കേംബ്രിജ് അനാലിറ്റിക’ എന്ന സ്ഥാപനം കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരം ചോർത്തി യു.എസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനുവേണ്ടി വോട്ടർമാരെ സ്വാധീനിക്കാനായി ഉപയോഗിച്ചുവെന്ന ആരോപണം ഇപ്പോൾ ലോക മാധ്യമങ്ങളിൽ ചർച്ചയാണ്.
വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന ആരോപണം കമീഷൻ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റാവത്ത് പറഞ്ഞു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുംവിധം ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ കമീഷൻ മൂന്നു തവണ ഫേസ്ബുക്കുമായി കൈകോർത്തതായാണ് റിപ്പോർട്ട്. യുവാക്കൾ വോട്ടർമാരായി രജിസ്റ്റർ ചെയ്യാനുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയത്.
കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയിലെ എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കൾക്കും വോട്ടർമായി രജിസ്റ്റർ ചെയ്യാനുള്ള സന്ദേശം തെരഞ്ഞെടുപ്പ് കമീഷൻ അയച്ചിരുന്നു. 13 ഭാഷകളിലാണ് സന്ദേശം അയച്ചത്. പിന്നീട് 18 വയസ്സ് തികയുന്നവർക്ക് ആശംസയും ഒപ്പം വോട്ടിങ്ങിനായി രജിസ്റ്റർ ചെയ്യാനുള്ള സന്ദേശവും അയച്ചു. ഇൗ വർഷം ജനുവരിയിലും കമീഷൻ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.