ന്യൂഡൽഹി: കേരളത്തിലെ ഒഴിവുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന് ഉപതെരഞ്ഞെടുപ്പ് . മഹാരാഷ്ട്ര, ഹരിയ ാന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒപ്പമാണ് രാജ്യത്തെ 64 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം , എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബർ 24ന് ഫലപ്രഖ്യാപനം.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും . ഒക്ടോബർ 24നാണ് വോട്ടെണ്ണൽ. രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അരുണാചൽ പ്രദേശ്-1, അസം-4, ബിഹാർ-5, ഛത്തീസ്ഗഡ്-1, ഗുജറാത്ത്-4, ഹിമാചൽ പ്രദേശ്-2, കർണാടക- 15, കേരളം-5, മധ്യപ്രദേശ്-1, മേഘാലയ-1, ഒഡിഷ-1, പുതുച്ചേരി-1, പഞ്ചാബ്-4, രാജസ്ഥാൻ-2, സിക്കിം-3, തമിഴ്നാട്-2, തെലുങ്കാന-1, ഉത്തർപ്രദേശ്-11 എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും മണ്ഡലങ്ങളും.
എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ എം.എൽ.എമാർ രാജിവെക്കുകയും എം.പിമാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ്. മഞ്ചേശ്വരത്ത് പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ മരണത്തെ തുടർന്നാണ് ഒഴിവ് വന്നത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി കേസ് നില നിന്നിരുന്നു. അബ്ദുൽ റസാഖിെൻറ വിജയത്തിനെതിരെ ബി.ജെ.പിയുടെ സ്ഥാനാർഥി കെ.സുരേന്ദ്രനാണ് കേസ് നൽകിയത്.
അബ്ദുൽ റസാഖിെൻറ മരണത്തെ തുടർന്ന് സുരേന്ദ്രൻ കേസ് പിൻവലിക്കുകയായിരുന്നു.കോന്നിയിൽ അടൂർ പ്രകാശ്, വട്ടിയൂർക്കാവ് കെ.മുരളീധരൻ, അരൂർ എ.എം ആരിഫ്, എറണാകുളം ഹൈബി ഈഡൻ എന്നിവർ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെക്കുകയായിരുന്നു. നിലവിൽ ഈ അഞ്ച് മണ്ഡലങ്ങളിൽ നാലും യു.ഡി.എഫിനൊപ്പമാണ്. അരൂർ മാത്രമാണ് ഇടതിനൊപ്പമുള്ളത്.
സെപ്റ്റംബർ 27ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. ഒക്ടോബർ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഏഴ് വരെ നാമനിർദേശക പത്രിക പിൻവലിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.